പള്ളുരുത്തി: പളളുരുത്തി എസ്ഡിപിഐ റോഡിന് സമീപം കൊച്ചി നഗരസഭ സോണല്‍ ഓഫീസിന് അരികിലായി സ്ഥാപിച്ചിരുന്ന മൂന്നു പെട്ടിക്കടകള്‍ കത്തിയമര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പള്ളുരുത്തി സ്വദേശി ദിനേശന് നടത്തിയിരുന്ന ചായക്കട, എല്‍സിയുടെ തയ്യല്‍ക്കട, ഇടക്കൊച്ചി സ്വദേശി സുനിലിന്റെ ലോട്ടറിക്കട എന്നിവയാണ് കത്തി നശിച്ചത്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ തീപിടുത്തം ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. കടകള്‍ക്ക് സമീപം സ്ഥിതി ചെയ്തിരുന്ന കെഎസ്ഇബിയുടെ ട്രാന്‍സ്ഫോമറിനും വൈദ്യുതി കേബിളിലേക്കും തീ പടര്‍ന്നു.
അപകടം നടന്നത് പുലര്‍ച്ചെ ഒരുമണിക്കായതിനാല് ആളപായം ഉണ്ടായില്ല. കടകളില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. ചായക്കടയിലെ ഫര്‍ണിച്ചറുകളും തയ്യല്‍ക്കടയിലെ തുണിത്തരങ്ങളും കത്തിനശിച്ചു. മട്ടാഞ്ചേരിയില്‍നിന്നു എത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. സമീപത്തെ ബാങ്കില്‍ ജോലി നോക്കിയിരുന്ന സെക്യൂരിറ്റിക്കാരനാണ് തീ പടരുന്നത് ആദ്യം കാണുന്നത്. ഇദ്ദേഹമാണ് പോലീസിലേക്കും ഫയര്‍ ഫോഴ്സിലും വിവരമറിയിക്കുന്നത്. വൈദ്യുതബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പള്ളുരുത്തി പോലീസ് അറിയിച്ചു. തീപിടുത്തത്തില്‍ നഷ്ടം സംഭവിച്ച കടക്കാരെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ചെറുകിട മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് വി.ജെ.തങ്കച്ചന്, സെക്രട്ടറി പി.എം.ഹനീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: