കൊച്ചി: നിര്‍ദിഷ്ട പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനായി കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ അട്ടിമറിച്ചതിനു പിന്നില്‍ കേന്ദ്രമന്ത്രി കെ വി തോമസാണെന്ന് ഗോശ്രീ പൊറ്റക്കുഴി ആര്‍ഒബി ആക്ഷന്‍ കൗണ്‍സില്‍. കണ്ടെയ്നര്‍ ടെര്മിനല്ഗോശ്രീ-മാമംഗലം-കാക്കനാട് വ്യവസായമേഖല ഇടനാഴിയുടെ ഭാഗമായി കിറ്റ്കോ പഠനം നടത്തി തയ്യാറാക്കിയ 18 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ രൂപരേഖ 2008 ല്‍ മുന്‍ സര്‍ക്കാരും നഗരസഭയും അംഗീകരിച്ചതാണ്.
എന്നാല്‍ പ്രബലന്മാര് കിറ്റ്കോ രൂപരേഖ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ അട്ടിമറി നടത്തി. പച്ചാളം ഗേറ്റ് അടച്ചിട്ടുകൊണ്ട് പാലത്തിന്റെ നിര്‍മാണം നടത്തുമ്പോള്‍ വടുതല ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. കാട്ടുങ്കല്‍ ക്ഷേത്ര പരിസരത്തും ഗതാഗത പ്രശ്നമുണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഏഴുമീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന് തറക്കല്ലിടാനാണ് നീക്കം. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്്് നഗരസഭ കൗണ്‍സില്‍ യോഗം നടക്കുന്ന തിങ്കളാഴ്ച രാവിലെ പ്രദേശവാസികളെയും പച്ചാളത്തെ കച്ചവടക്കാരെയും സംഘടിപ്പിച്ച് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെ സ്ഥലത്ത്കൊണ്ടുവന്ന രാഷ്ട്രീയ നേതൃത്വം പച്ചാളം റെയില്‍വേ ഗേറ്റിനു മുകളിലൂടെ മേല്‍പ്പാലം വേണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച ഗോശ്രീമാമംഗലം റോഡിന്റെ ഭാഗമായി മേല്‍പ്പാലത്തെപ്പറ്റി അറിയിക്കാതെ ഇ ശ്രീധരനെയും തെറ്റിദ്ധരിപ്പിച്ചു.
കിറ്റ്കോ തയ്യാറാക്കിയ 18 മീറ്റര്‍ വീതിയിലുള്ള മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ പത്തില്‍ താഴെ കടകള്‍ മാത്രമേ പോകൂ. എന്നാല്‍ ഏഴുമീറ്റര്‍ വീതിയുള്ള പാലം നൂറിലധികം കടകളെയും മുന്നൂറിലധികം വീടുകളെയും ദോഷകരമായി ബാധിക്കും. പ്രദേശവാസികള്‍ നിഷേധവോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയപ്പോള്‍ മാത്രമാണ് കെ.വി.തോമസ് പദ്ധതി റിപ്പോര്‍ട്ട് പഠിക്കാന്‍ തയ്യാറായതെന്നും ഭാരവാഹകള്‍ പറഞ്ഞു. വീണ്ടും ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ നിഷേധവോട്ട് തന്നെ രേഖപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സണ്ണി ആലനോലി, കെ വി കൃഷ്ണകുമാര്‍, ജോര്‍ജ് കാട്ടുനിലത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: