കൊച്ചി: മാസം തികയാതെ അഞ്ചര മാസത്തില്‍ (24 ആഴ്ച്ച) ജനിച്ച നവജാതശിശു അമൃതയിലെ നവജാത ശിശുപരിചരണ വിഭാഗത്തില്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും (390 ഗ്രാം) ഭാരം കുറഞ്ഞ നവജാത ശിശു പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നത്.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ: ദീപ്തിയുടെ നേത്യത്വത്തിലാണ് മാസം തികയാതെ കുഞ്ഞു ജനിച്ചത്. ഒക്ടോബര്‍ എട്ടിനു ജനിച്ച കുഞ്ഞിനു 390 ഗ്രാം മാത്രമായിരുന്നു തൂക്കം. കല്യാണം കഴിഞ്ഞു 13 വര്‍ഷത്തിനു ശേഷം ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെയാണ് 34 കാരിയായ മാതാവിനു കുഞ്ഞു പിറന്നത്. തൊടുപുഴ സ്വദേശി ഇന്ദു റെജികുമാര്‍ ദമ്പതിമാരുടെ ആദ്യത്തെ കുഞ്ഞാണ് ഇത് വികസിക്കാത്ത ശ്വാസകോശമായതിനാല് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ജനിച്ചപ്പോള്‍ തന്നെ ഈ കുഞ്ഞിനുണ്ടായിരുന്നു. ശ്വാസകോശം വികസിക്കുന്നതിനുള്ള മരുന്നും, രണ്ട് മാസത്തേക്ക് വെന്റിലേറ്ററിന്റെ സഹായവും കുഞ്ഞിനു വേണ്ടി വന്നു. ശ്വാസകോശം പൂര്‍ണ്ണതോതില്‍ വികസിച്ചു പ്രവര്ത്തിക്കുന്നതിനുഅടുത്ത മൂന്ന് ആഴ്ചത്തേക്ക് സിപിഎപി റെസ്പിറേറ്ററി സപ്പോര്‍ട്ടിന്റെ സഹായവും വേണ്ടി വന്നു. ഇപ്പോള്‍ കുഞ്ഞിനു സ്വയം ശ്വസിക്കുവാന്‍ സാധിക്കുന്നുണ്ട്. തൂക്കം കൂടുന്നതിനായി പ്രത്യേകം പ്രോട്ടീന്‍ അടങ്ങിയ പോഷകാഹാരം തുള്ളി മരുന്നു രൂപത്തിലാണ് നല്‍കിയത്
ഈ പ്രായത്തില്‍ രക്തത്തില്‍ അണുബാധ പെട്ടെന്നു ബാധിക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലായി വളരെ ശ്രദ്ധയോടു കൂടിയ നഴ്സിങ്ങ് പരിചരണവും നല്‍കിയിരുന്നു. ഇപ്പോള്‍ കുഞ്ഞിനു 1700 ഗ്രാംതൂക്കം വച്ചു പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
നവജാതശിശുപരിചരണ വിഭാഗം മേധാവി ഡോ:പി.ശശിധരന്, ഡോ:ജയശ്രി, ഡോ:അശ്വിന് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിനു പരിചരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: