മട്ടാഞ്ചേരി: തീരദേശത്ത് വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വലയില്‍ കുടുങ്ങിയത് ‘റോക്കറ്റ് മിസെയില്‍’. ചൊവ്വാഴ്ച രാവിലെ കൊച്ചി കടല്‍തീരത്ത് സെന്റ്ജോണ്‍ പാട്ടത്തിന് സമീപത്തുനിന്നാണ് പൊട്ടാത്ത റോക്കറ്റ്മിസെയില് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്. ചെറുവഞ്ചിയില്‍ നീട്ടി വലയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു് കൊച്ചി സ്വദേശികളായ ബോണി, ആന്റണി എന്നിവരുടെ വലയിലാണ് മിസെയില്‍ റോക്കറ്റ് കുടുങ്ങിയത്. വലയില്‍ കുടുങ്ങിയ മിസെയില്‍ പൊട്ടിച്ച് ആക്രിക്കടയില്‍ നല്കാന് ശ്രമിക്കവെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനില്‍ കാണുകയും 1500 രൂപ നല്കി റോക്കറ്റ് മിസെയില്‍ വാങ്ങി ഫോര്‍ട്ടുകൊച്ചി പോലീസ്സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസും നാവികസേനാ ഉദ്യോഗസ്ഥരും മിസെയില്‍ പരിശോധിച്ചു. 2012 മാര്‍ച്ച് എന്ന് മിസെയിലില് രേഖപ്പെടുത്തിയതിനാല്‍ ഇത് ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാകാമെന്നാണ് കരുതുന്നത്. നാലടി ഉയരവും 105 എംഎം വ്യാസവുമുള്ള റോക്കറ്റ് മിസെയില്‍ നാവികസേനാ വിക്ഷേപണ പരിശീലനത്തിനിടെ പൊട്ടാത്ത ഒന്നാകാമെന്നാണ് കരുതുന്നത്. മിസെയില്‍ ലഭിച്ച തീരദേശത്തിന് സമീപമാണ് ദക്ഷിണ നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യ നാവിക പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളി വലയില്‍ റോക്കറ്റ് കുടുങ്ങുകയും അത് പോലീസിന് കൈമാറുകയും ചെയ്തതോടെ നാവിക പോലീസ് സേനയില്‍നിന്നുള്ള എം.കെ.ചൗധരി, അതുല്‍ പിള്ള എന്നിവരെത്തി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് റോക്കറ്റ് ദ്രോണാചാര്യയിലേക്ക് നീക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിഭാഗവും അന്വേഷണം നടത്തുന്നതായി എസ്ഐ രാജേഷ് പറഞ്ഞു.
കൊച്ചി കായല്‍-കടല്‍ തീരദേശത്തുനിന്ന് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് യുദ്ധോപകരണം ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക്മുമ്പ് തോപ്പുംപടിക്ക് സമീപത്തുനിന്ന് മിസെയിലിന്റെ വിഭാഗം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: