കൊച്ചി: വ്യാജസ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ജുവല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാക്കനാട് ചിറ്റേത്തുകര ഹബ് അപ്പാര്‍ട്ടുമെന്റില്‍ പ്രസന്നകുമാര്‍ (61), രവിപുരം ആലപ്പാട്ട് ക്രോസ് റോഡ് ഗീതാനിവാസില് ഹരികുമാര്‍ (56) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ്ചെയ്തത്. വഞ്ചനാക്കുറ്റത്തിന് കേസെടുത്ത ഇരുവരേയും മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. സിനിമാനടന് അശോകന്റെ സഹോദരന്മാരാണ് ഇരുവരും.
സംഭവത്തെക്കുറിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ: കുമ്പളം സ്വദേശിയും പൂണിത്തുറ പേട്ടയിലെ ജുവല്ലറി ഉടമയുമായ രാകേഷ് എന്നയാളെയാണ് നാല് കിലോ സ്വര്‍ണം വില്‍പ്പനക്കുണ്ടെന്ന് ധരിപ്പിച്ച് പ്രതികള്‍ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതികളിലൊരാളായ പ്രസന്നന് അഞ്ചു ഗ്രാം സ്വര്‍ണത്തിന്റെ സാമ്പിളുമായി ജ്വല്ലറിയിലെത്തിയത്. പരിശോധിച്ചപ്പോള്‍ തനിത്തങ്കമാണിതെന്ന് ജ്വല്ലറി ഉടമക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് തന്റെ കാക്കനാട്ടെ ഫ്ലാറ്റിലെത്തിയാല് നാല് കിലോ സ്വര്‍ണം നല്‍കാമെന്നും അവിടെവെച്ച് പണമിടപാടു നടത്താമെന്നും അറിയിച്ചു. മാര്‍ക്കറ്റ് വിലയേക്കാള്‍ സ്വര്‍ണം കിലോക്ക് ഇരുപതിനായിരം രൂപ കുറച്ചുതരാമെന്നായിരുനു കരാര്‍.
ഇത് സമ്മതിച്ച ജുവല്ലറി ഉടമ സുഹൃത്തായ പാലാരിവട്ടം സ്വദേശി മാര്‍ട്ടിനുമൊത്ത് ശനിയാഴ്ച ഫ്ലാറ്റിലെത്തുകയായിരുന്നു. ഈ സമയം പ്രതി പ്രസന്നനെ കൂടാതെ സഹോദരന് ഹരികുമാറും ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നാല് കിലോ സ്വര്‍ണം എടുത്തുകാണിച്ചു. എന്നാല്‍ സ്വര്‍ണം വ്യാജമാണെന്ന് ജുവല്ലറി ഉടമക്കും സുഹൃത്തിനും സംശയം തോന്നി. തുടര്‍ന്ന് മുഴുവന്‍ തുകയുമായി വന്ന് ഇടപാട് നടത്താമെന്ന് പറഞ്ഞ് അല്പം സ്വര്‍ണം എടുത്തശേഷം മടങ്ങുകയായിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ സംശയിച്ചതുപോലെതന്നെ വ്യാജനാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് മരട് പോലീസില്‍ പരാതി നല്‍കിയത്. എസ്ഐ എ.ബി. വിപിന്‍, സിപിഒമാരായ വിനോദ്കൃഷ്ണന്, സുധീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തു. വ്യാജസ്വര്‍ണം പിടിച്ചെടുത്ത് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: