കൊച്ചി: നഗരത്തില്‍ കൊതുകുകള്‍ വിലസുന്നുവെന്ന് കൗണ്‍സിലര്‍മാര്‍. വികസനം എന്നാല്‍ പാലം പണി മാത്രമല്ലെന്നും കൊതുക് നിവാരണം അടിയന്തരമായി നടപ്പാക്കണമെന്നും കൗണ്‍സിലര്‍ സോജന് ആവശ്യപ്പെട്ടു. ഇതിനായി അനുവദിച്ച 50,000 രൂപ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോഗ് മെഷീനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ജോജി കുരീക്കോട് പറഞ്ഞു. കാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെന്നും മഴയ്ക്ക് മുമ്പ് ഇതിനാവശ്യമായ ടെണ്ടര്‍ നല്‍കണമെന്നും കൗണ്‍സിലര്‍ സുനിത ശെല്വന് പറഞ്ഞു.
ക്രിസ്മസ് കാലത്ത് ആര്‍ക്കും അഗതി പെന്ഷന് നല്‍കിയിട്ടില്ലെന്നും ഇത് ഉടന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ് പറഞ്ഞു. ടൗണ്‍ഹാള്‍ നവീകരിക്കണമെന്നും മൊബെയില്‍, ടിവി ടവറുകള്‍ സ്ഥാപിക്കുന്നതിന് നീയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വഴിയോര മത്സ്യ, മാംസകച്ചവടം നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് മേയറെ ഒഴിവാക്കുന്ന നടപടി ശരിയല്ലെന്ന് കൗണ്‍സിലര്‍മാരായ പ്രേം കുമാര്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തെ ഉന്നതരാണ് ഇതിന് പിന്നിലെന്ന് തമ്പി ആരോപിച്ചു. ഈ വിഷയത്തില്‍ വിശദീകരണം സര്‍ക്കാരിനോട് ചോദിക്കുമെന്നും കൗണ്‍സിലര്‍മാരുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.
മെട്രോ റെയില്‍ പടിഞ്ഞാറന്‍ കൊച്ചി വരെ നീട്ടണമെന്നും ഇക്കാര്യത്തില്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രേം കുമാര്‍ പറഞ്ഞു. നഗരസഭ വക വൈറ്റില ഷോപ്പിംഗ് കോംപ്ലക്സിലെ സൗത്ത് ബ്ലോക്ക് ഒന്നാം നമ്പര്‍ ഹാള്‍ മുറിയുടെ ലൈസന്‍സ് അവകാശം സംബന്ധിച്ചും ഇടപ്പള്ളിയിലെ നിള കാറ്ററിംഗ് സര്‍വീസ് സംബന്ധിച്ചും കൗണ്‍സില്‍ മുമ്പാകെ വന്ന പരാതിയില്‍ വാദി ഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും ഹിയറിംഗ് കൗണ്‍സില്‍ മുമ്പാകെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: