കൊച്ചി: പതിനേഴാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘മലയാളി സ്മരിക്കേണ്ട മഹാരഥന്മാര്’ എന്ന വിഷയത്തില്‍ സാംസ്ക്കാരിക കൂട്ടായ്മയും ചര്‍ച്ചയും സംഘടിപ്പിച്ചു. സാഹിത്യ-സാംസ്ക്കാരിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്കിയ മഹദ് വ്യക്തികളെ ഓര്‍മ്മിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ സ്മാരകങ്ങള്‍ തുടച്ചുനീക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി സമ്മേളനം കുറ്റപ്പെടുത്തി. തോന്നയ്ക്കലിലെ കുമാരനാശാന് സ്മാരകത്തിന്റെ പകുതിയിലധികം സ്ഥലം ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുവാനുള്ള നീക്കങ്ങള്‍ ശക്തമാണ്. സമീപത്തുള്ള ഭൂമാഫിയയുടെ സ്ഥലം സംരക്ഷിക്കാനാണ് ആശാന് സ്മാരകത്തിന് നേരെയുള്ള ഈ കടന്നുകയറ്റം. അരുവിപ്പുറം ശിവക്ഷേത്രത്തിനും സാംസ്ക്കാരിക കേന്ദ്രത്തിനും നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഉള്‍പ്പെടെയുള്ള ഭരണകേന്ദ്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിഷ്ക്രിയ സമീപനത്തില്‍ സമ്മേളനം പ്രതിഷേധിച്ചു. ഡോ. സുലോചന നാലപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്വാമി ദര്‍ശനാനന്ദ സരസ്വതി, സ്വാമി ധര്‍മ്മാനന്ദ, ജസ്റ്റിസ് സുകുമാരന്‍, വെണ്ണല മോഹന്‍, കെ.പി.സുധീര, പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുസ്തകോത്സവത്തില്‍ ഇന്ന് രാവിലെ 11ന് നടക്കുന്ന ചിത്രകാരസംഗമം ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് ചെമ്മനം ചാക്കോയുടെ അധ്യക്ഷതയില്‍ ചേരുന്ന കവിയരങ്ങ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നൂറില്‍പ്പരം പ്രസാധകര് പങ്കെടുക്കുന്ന പുസ്തകോത്സവം. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: