കൊച്ചി: പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും ഇന്നലെ അടച്ചിട്ടു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഹോട്ടലുകള്‍ അടച്ചിട്ടത്. ബേക്കറികള്‍ ഇന്നലെ കരിദിനമാചരിച്ചു. ഹോട്ടലുകള്‍ അടച്ചിട്ടത് സാധാരണക്കാരെയാണ് ഏറെ ബാധിച്ചത്. വിവിധ സ്ഥലങ്ങളില്‍നിന്ന് കൊച്ചി നഗരത്തില്‍ പല തൊഴിലുകള്‍ക്കായി എത്തിയവര്‍ ഭക്ഷണം കഴിക്കുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പലര്‍ക്കും ക്യാന്റീനുകളെയും തട്ടുകടകളെയും ആശ്രയിക്കേണ്ടിവന്നു. നഗരത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണത്തിനായി ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു സമരം.
വാണിജ്യാവശത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 385 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ചെറുകിട ഹോട്ടലുകളില്‍തന്നെ ദിവസവും മൂന്ന് സിലിണ്ടറുകളെങ്കിലും വേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കണമെന്നാവശ്യമാണ് ഹോട്ടല്‍ ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: