കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിര്‍ത്തിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെങ്കിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തത് പ്രശ്നമാകുന്നു. മെഡിക്കല്‍ ഓഫീസറുടെ ഒരു തസ്തിക മാത്രമേയുള്ളു.
2011ല്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. 30 കിടക്കകളുള്ള ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ല. ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്ന മുറയ്ക്ക് ലാബ്, മോര്‍ച്ചറി എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ജനപ്രിതിനിധികളുടെ പേരില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കോടികള്‍ ചെലവഴിക്കാന്‍ മാത്രമാണെന്ന ആരോപണം ശക്തമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി ചെലവില്‍ ഇപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തി വരികയാണ്.
കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടത്തില്‍ പ്രധാന ആശുപത്രി കെട്ടിടം, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ്, സമീപത്തായി രണ്ട് കിടത്തി ചികിത്സാവാര്ഡുകള്, മോര്‍ച്ചറി, ടി.എച്ച്. മുസ്തഫ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസവ വാര്‍ഡ്, ഓപ്പറേഷന് തീയേറ്റര്‍, കെ. ചന്ദ്രന്‍പിള്ള എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം എന്നിവയാണ് ഉള്ളത്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ ഒന്നുപോലും വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ ഏക ആശ്രയമായ ഈ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനത്തിനു വേണ്ടി കോടികള്‍ പാഴാക്കുന്നതല്ലാതെ വേണ്ട രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. നിലവിലുള്ള സൗകര്യങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ ജനപ്രതിനിധികളെ പഞ്ചായത്ത് ഭരണ സംവിധാനങ്ങളും തുനിയുന്നില്ല. കോടികളള് മുടക്കി പണിത കെട്ടിടങ്ങള്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാതെയാണ് വീണ്ടും ധൂര്‍ത്തിനായി പുതിയ കെട്ടിടങ്ങള്‍ പണിയുന്നതെന്നാണ് ആക്ഷേപം. ഉച്ചയ്ക്ക് 1 മണിയോടെ ഡോക്ടര്‍മാര്‍ ഒപി നിര്‍ത്തി പോകുന്നതോടെ ഉച്ചക്കഴിഞ്ഞ് വരുന്ന രോഗികള്‍ വലയുകയാണ്. മോര്‍ച്ചറിയിലേക്ക് പതിനായിരങ്ങള്‍ മുടക്കി പണിത റോഡിലൂടെ ഒരു വണ്ടി പോലും ഓടിയിട്ടില്ല. ആശുപത്രി വികസന സമിതി യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരിഞ്ഞു നോക്കുന്നില്ല.
കുന്നത്തുനാട്-കിഴക്കമ്പലം പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ ഈ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: