കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കുടുംബശ്രീയുടെ നാലാമത് വ്യാപാര ഭക്ഷ്യ സാംസ്കാരിക മേളയില്‍ ഇത്തവണയും താരം ഭക്ഷ്യ മേള തന്നെ. വിവിധ ജില്ലകളില്‍ നിന്നെത്തിയ രുചിക്കൂട്ടുകള്‍ കണ്ണിനും നാവിനും രുചി പകരുന്നു. അടുക്കളയില്‍ നിന്നും അരങ്ങിലേക്കെത്തിയ സ്ത്രീരത്നങ്ങള്‍ രുചിയുടെ മഹാവിസ്മയം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബിരിയാണി പെരുമയില്‍ തലശ്ശേരി തന്നെയാണ് എക്കാലവും മുന്പിലെങ്കിലും എറണാകുളം കുന്നത്തുനാട്ടിലെ വെണ്മ കുടുംബശ്രീയുടെ കാറ്ററിങ്ങ് യൂണിറ്റായ അന്ഫായുടെ പ്രവര്‍ത്തകര്‍ ഒരുക്കിയ വാഴയില കിഴിബിരിയാണിക്ക് വന്‍ വരവേല്‍പ്പാണ് മേളയില്‍ ലഭിച്ചിരിക്കുന്നത്. മേളയുടെ ഒന്നാം ദിനമായ വെള്ളിയാഴ്ചയാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതെന്നു വാഴയില ബിരിയാണിയുടെ കണ്ടുപിടിത്തക്കാരി ഷൈല പറഞ്ഞു. ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ പക്ഷേ, വാഴയില കിഴിബിരിയാണിയുടെ രുചിക്കൂട്ടുകളെക്കുറിച്ച് പറയാന്‍ തയാറല്ല. ആദ്യം ഈ രുചിക്കൂട്ട് വച്ച് ഞങ്ങളൊന്നു ക്ലച്ചു പിടിക്കട്ടെ, എന്നിട്ട് എല്ലാവര്ക്കും പറഞ്ഞുകൊടുക്കാമെന്നു ചിരിയോടെ മറുപടി.
ഒടുവില്‍, രുചിക്കൂട്ട് പറയേണ്ട എങ്ങനെയാണ് ഇതുണ്ടാക്കുന്നതെന്നു പറഞ്ഞാല്‍ മതിയെന്നു നിര്‍ബന്ധിച്ചപ്പോള്‍ അതേകുറിച്ച് പറയാമെന്നായി. കടകളില്‍ ചേര്‍ക്കുന്ന എസന്സുകളൊന്നുമില്ല. മസാലകള്‍ സ്വന്തമായി പൊടിച്ചെടുത്താണ് രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത്. ആദ്യം ബിരിയാണി അരി വറുത്തെടുത്തു വേവിക്കും. പിന്നീട് മസാല ചേര്‍ത്ത ചിക്കന്‍ വറുക്കും. പിന്നീട് ഇവരുടെ സീക്രട്ട് മസാല കൂട്ടുകള്‍ സവാള ചേര്‍ത്ത് വഴറ്റിവച്ചതിലേക്ക് വീണ്ടും ചിക്കന്‍ ഇട്ട് വേവിച്ചെടുക്കും. അത് വേവിച്ച് വറ്റിച്ചു വച്ച ചോറിലേക്ക് ഇട്ട് വാട്ടി വച്ച വാഴയിലയില്‍ വച്ച് ഒന്നു കൂടി വേവിക്കും. പിന്നീട് കിഴി കെട്ടിയെടുക്കും. ഇത്രയുമേ അതേക്കുറിച്ച് പറയാന്‍ അവര്‍ തയ്യാറായുള്ളൂ. പോഷകങ്ങള്‍ നിറഞ്ഞ മസാലകളാണ് ഇതില്‍ ചേര്‍ക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. ഈ വാഴയില കിഴി ബിരിയാണിക്ക് 120 രൂപയാണ് വില.
അഞ്ചുപേരടങ്ങുന്ന കാറ്ററിങ്ങ് യൂണിറ്റില്‍ നിന്നും ഷൈലയും, ലൈല ഹാഫിസ്, ഹസീന കരീം എന്നിങ്ങനെ മൂന്നു പേരാണ് എത്തിയിരിക്കുന്നത്. ഇവരുടെ മറ്റൊരു സ്പെഷല്‍ വിഭവമാണ് സേമിയ ബിരിയാണി. ഉദ്ഘാടന ദിവസം മന്ത്രിക്ക് കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയിരുന്നു. അടുത്തദിവസം മുതല്‍ സേമിയ ബിരിയാണിയും മേളയില്‍ സജീവമായി ഉണ്ടാവുമെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ മിഷനാണ് തങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് വിനയപൂര്‍വ്വം പറഞ്ഞാണ് അവര്‍ അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: