കൊച്ചി: പിഎസ്സി നടത്തുന്ന യുവജന വഞ്ചനക്കെതിരെ സമരപരിപാടിയുമായി മുന്നോട്ടുപോകുവാന്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. പിഎസ്സിയുടെ യുവജന വഞ്ചന അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനം നിര്‍ത്തലാക്കുക, ഒഴിവുള്ള തസ്തികകളിലേക്ക് നിലവിലുള്ള റാങ്ക്ലിസ്റ്റുകളില്‍നിന്ന് ഉടന്‍ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 16 ന് കടവന്ത്രയില്‍നിന്നും രാവിലെ 10 മണിക്ക് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധര്‍ അറിയിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. പിഎസ്സി പരീക്ഷ നടത്തുവാന്‍ 160 കോടി രൂപ ചെലവ് വരും. നിലവില്‍ പല തസ്തികകളിലേക്ക് റാങ്ക്ലിസ്റ്റ് നില്‍ക്കുമ്പോള്‍തന്നെയാണ് വീണ്ടും കോടികള്‍ ചെലവഴിച്ച് പരീക്ഷ നടത്തുന്നത്. ഇത് തികച്ചും യുവജനവഞ്ചനയും ഖജനാവ് കൊളളയടിക്കാനുള്ള തീരുമാനവുമാണെന്ന് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. അഭിലാഷ്, ജനറല്‍ സെക്രട്ടറി അനൂപ് ശിവന്, സെക്രട്ടറിമാരായ എം.വി. അരുണ്‍ലാല്‍, ദീപക് കുന്നുകര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: