കൊച്ചി: എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളേയും ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ ആസൂത്രണ കമ്മീഷന് മുന്‍കൈ എടുക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച മാരിടൈം ഉച്ചകോടി ശുപാര്‍ശ ചെയ്തു. നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കും വിധം എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളേയും ഒരൊറ്റ മന്ത്രാലയത്തിനു കീഴില്‍ കൊണ്ടു വരണം. ഇതിനു സാധ്യമായില്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സംയോജിത സമീപനം കൈക്കൊള്ളണം, ഉച്ചകോടി ശുപാര്‍ശ ചെയ്തു. മാരിടൈം വിദ്യാഭ്യാസ മേഖലയിലും അടിയന്തര പരിഷ്ക്കാര നടപടികള്‍ വേണമെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു.
നയപരമായ പരിഷ്ക്കാരങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയാലേ രാജ്യത്തെ ചരക്കു ഗതാഗതത്തിനു വളര്‍ച്ചയുണ്ടാവൂ. മാരിടൈം മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗുണനിലവാരവും സുതാര്യതയുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. ഇവയുടെ മേല്‍നോട്ടത്തിന് വ്യവസായ രംഗത്തെ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംവിധാനം ഉണ്ടാക്കണം. പരിശീലന സംവിധാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ട്രെയിനികളുള്ള ചരക്കു കപ്പലുകള്‍ക്ക് ബെര്‍ത്ത് നിരക്ക് ഇളവടക്കമുള്ള പ്രോല്‍സാഹനങ്ങള്‍ നല്‍കണമെന്നും ഉച്ചകോടി ശുപാര്‍ശ ചെയ്തു.
വിവിധ മേഖലകളിലെ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് ചെലവും സമയവും കുറക്കാന്‍ സഹായകമാകുമെന്ന് വിവിധ തല ഗതാഗത മാര്‍ഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കവെ ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ അടിയന്തര പരിഷ്ക്കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചരക്കു ഗതാഗത മേഖല ആഗോള തലത്തില്‍ വളരെ പിന്നിലാണെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്നൈസേഷന്സ് വൈസ് പ്രസിഡന്റും റീജണല്‍ ചെയര്‍മാനുമായ അമിത് ഗോയല്‍ ചൂണ്ടിക്കാട്ടി. വിവിധ തല സംവിധാനങ്ങള്‍ ഈ രംഗത്തുപയോഗിച്ചാല് സമയത്തിന്റെ കാര്യത്തില്‍ 40 മുതല്‍ 50 ശതമാനം വരെ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ-പരിശീലന മേഖലകളുടെ കാര്യത്തില്‍ ആരോഗ്യകരമായ സഹകരണം വേണമെന്നതാണ് ഉച്ചകോടിയുടെ മറ്റു സുപ്രധാന ശുപാര്കളിലൊന്ന്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള വ്യാപാര-പരിശീലന കപ്പലുകള്‍ അവതരിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ നടപടിയായിരിക്കുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. മാരിടൈം വിദ്യാഭ്യാസത്തിനായി അഖിലേന്ത്യാ കൗണ്‍സില്‍ രൂപവല്ക്കരിക്കണമെന്നതാണ് വിദ്യാഭ്യാസ മേഖലയിലെ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രധാന ശുപാര്‍ശ. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ കീഴില്‍ മാരിടൈം മേഖലയ്ക്കായുള്ള കൗണ്‍സിലും അടിയന്തരമായി രൂപവല്‍ക്കരിക്കണം.
കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ക്കായുള്ള ഭൂമി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗത രംഗത്തോടു റെയില്‍വേ കൂടുതല്‍ നീതി കാട്ടണമെന്നും ഉള്‍നാടന്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഷിപ്പിങ് മന്ത്രാലയം നടപടികളെടുക്കണമെന്നും നയപരമായ പരിഷ്ക്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ഈ രംഗത്തുള്ളവരെല്ലാം യോജിച്ചു മുന്നേറണമെന്നും വിവിര സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ഉച്ചകോടി ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: