മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആദ്യ പാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്താതെ നിലനിര്‍ത്തുകയായിരുന്നു. രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ രൂപയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനാണ് വായ്പാ നയത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത്. റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും തുടരും. നാല് ശതമാനമാണ് കരുതല്‍ ധനാനുപാത നിരക്ക്.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനത്തിലും ആര്‍ബിഐ കുറവ് വരുത്തി. നേരത്തെ കണക്കാക്കിയിരുന്ന 5.7 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായിട്ടാണ് അനുമാനത്തില്‍ കുറവ് വരുത്തിയത്. പണപ്പെരുപ്പത്തിനെതിരെ തുടര്‍ച്ചയായി ജാഗ്രത പുലര്‍ത്തിക്കൊണ്ട് വളര്‍ച്ച വീണ്ടെടുക്കാനാണ് ധനകാര്യ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ആഗോള വിപണിയിലെ മാറ്റങ്ങള്‍ രാജ്യത്തെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു.
ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കെ അദ്ദേഹം നടത്തിയ അവസാന ധനവായ്പാ നയമായിരുന്നു ഇന്നലത്തേത്. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഎഡി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായിരുന്നു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സാമ്പത്തിക പരിഷ്കരണ നടപടികള്‍ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: