ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. സാമ്പത്തിക രംഗത്തെ കുതിപ്പ് ഉറപ്പ് വരുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതും ആഗോള ഘടകങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യശോഷണം തടയുന്നതിനായി റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്മോഹന് സിംഗ് പറഞ്ഞു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ അടിത്തറ ശക്തവും ദൃഢവുമാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ താഴെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 6.5 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നത്. വാണിജ്യ വ്യവസായ സംഘടനകളുടെ സമിതിയായ അസോചത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്മോഹന് സിംഗ്.
ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചയുടെ പാതയിലേക്ക് സാമ്പത്തിക രംഗത്തെ സര്‍ക്കാര്‍ തിരികെ കൊണ്ടുവരുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നതെന്നും ഈ പ്രതീക്ഷ ന്യായമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരപ്രേരണ കൂടാതെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഇടിവിനെ കുറിച്ചൊര്‍ത്ത് കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്മോഹന് സിംഗ് പറഞ്ഞു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ ഫണ്ട് പിന്‍വലിച്ചതാണ് മൂല്യം ഇടിയാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.7 ശതമാനമായിരുന്നെന്നും മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടി.
കറന്റ് അക്കൗണ്ട് കമ്മി കുറച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാരെന്നും സ്വര്‍ണത്തിന്റേയും പെട്രോളിയം ഉത്പന്നങ്ങളുടേയും ഇറക്കുമതി നിയന്ത്രിക്കുകയാണ് മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ സ്വര്‍ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായതായും ഈ അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു.
രൂപയുടെ മൂല്യശോഷണം തടയാന്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നടപടികള്‍ ദീര്‍ഘ കാലയളവില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കില്ലെന്നും മന്മോഹന് സിംഗ് പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് കേന്ദ്രവും ആര്‍ബിഐയും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
സിഎഡി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി കുറയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്, എന്നാല്‍ ഇത് ഒരു വര്‍ഷം കൊണ്ട് സാധ്യമല്ലെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. എന്നാലിത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്ന നിരക്കിലായിരിക്കുമെന്നും വരുന്ന സാമ്പത്തിക വര്‍ഷം ഇത് വീണ്ടും കുറയ്ക്കാന്‍ സാധിക്കുമെന്നും മന്മോഹന് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: