ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയകളില്‍ കയറുന്ന ഇന്റര്‍നെറ്റ് ഉപയോഗക്താക്കളില് അമ്പതു ശതമാനം പേര്‍ക്കും മടുക്കുന്നു. അമേരിക്കയില്‍ നടത്തിയ ഒരു പഠനമനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപൃതരാകുന്ന പലരും ഒരു സുദീര്‍ഘ ഇടവേള ആഗ്രഹിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള കാരണങ്ങളിലൊന്ന് അപ്രസക്തമായ വിവരങ്ങള്‍ സോഷ്യല്‍ വെബ് സൈറ്റുകളില്‍ വരുന്നതാണ്, മറ്റൊന്ന് സമയക്കുറവ്്. ഫേസ്ബുക്ക്, ട്വിറ്റര്‍, പ്രിന്ററസ്റ്റ് തുടങ്ങി ഒട്ടുമിക്ക സോഷ്യല്‍ സൈറ്റുകളുടെയും സ്ഥിതി ഇതാണെന്നു സര്‍വേ ഫലം പറയുന്നു.
ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയകളുടെ എണ്ണത്തിലെ ധാരാളിത്തവും ഇന്റര്‍നെറ്റ്-ഇമെയില്‍ സര്‍വീസുകളുടെ വര്‍ദ്ധനയും വേണ്ട രീതിയില്‍ അവ കൈകാര്യം ചെയ്യുന്നതിനു തടസമായിട്ടുണ്ടെന്ന് സര്‍വേ കണ്ടെത്തുന്നു. 18-നും 40-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്. അതേസമയം, സോഷ്യല്‍ നെറ്റ്വര്ക്കില് അക്കൗണ്ടുള്ളവര്‍ രണ്ടുവര്‍ഷം മുമ്പ് ഉപയോഗിച്ചതിന്റെ ഇരട്ടി സമയം ഇപ്പോള്‍ ഈ മേഖലയില്‍ ചെലവിടുന്നുണ്ട്.
ഒരു യുവാവ് കുറഞ്ഞത് മൂന്ന് മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ദിവസം കുറഞ്ഞത് 31 മിനുട്ടെങ്കിലും ഒരു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ സമയം പോക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ളവരില്‍ 60 ശതമാനം പേരും ഉത്കണ്ഠ ഉള്ളവരാണെന്നു സര്‍വേ ഫലം വിലയിരുത്തി അഭിപ്രായപ്പെടുന്നു. ഏതെങ്കിലും പരിപാടി അറിയിപ്പുകളോ കൂട്ടുകാരുടെ വിശേഷങ്ങളോ അറിയാതെ പോകരുതെന്നുള്ളതാണ് അവരുടെ ഉത്കണ്ഠക്കു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: