ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ വനിതാ ബാങ്ക് ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനക്ഷമമാകും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മുഖേന വനിതാ ശാക്തികരണം, വനിത സംരംഭകര്‍ക്കായി ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ബാങ്ക് തുടങ്ങുന്നത്. ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം കാബിനറ്റിന്റെ അനുമതി ഉടന്‍ തേടും.
സ്ത്രീകളില്‍ നിന്നും പുരുഷന്മാരില് നിന്നും നിക്ഷേപം സ്വീകരിക്കുമെങ്കിലും സ്ത്രീകള്‍ക്കും സ്ത്രീ സംരംഭകര്‍ക്കും കൂടുതലായി വായ്പ നല്‍കുന്നതിലാവും വനിതാ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. കാബിനറ്റ് നോട്ടിന്റെ കരട് രൂപം തയ്യാറാക്കുന്നതായും എത്രയും വേഗം മന്ത്രിസഭയുടെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അധികൃതന്‍ പറയുന്നു. വനിതാ ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചതായും ഇതിനായി തത്വത്തില്‍ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയായാല്‍ ഒക്ടോബര്‍ അവസാനത്തോടെ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ ധനകാര്യ മന്ത്രി പി.ചിദംബരമാണ് വനിതാ ബാങ്ക് എന്ന ആശയം മുന്നോട്ട വച്ചത്. വനിതകളേയും വനിതാ സംരംഭകരേയും സ്വയം സഹായ സംഘങ്ങളേയും ലക്ഷ്യമിട്ടാണ് വനിതാ ബാങ്ക് രൂപീകരണം.
രണ്ട് പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്ത് വനിതകളാണെങ്കിലും സ്ത്രീകള്‍ക്ക് മാത്രമായി രാജ്യത്ത് ഒരു ബാങ്കില്ലെന്ന് അന്ന് ചിദംബരം പറഞ്ഞിരുന്നു. 1000 കോടി രൂപയാണ് പ്രാരംഭ മുതല്‍ മുടക്ക്. ആറ് ശാഖകളാണ് നിയുക്ത ബാങ്കിന് ഉണ്ടായിരിക്കുക. നാല് മെട്രോ നഗരങ്ങളിലും ഓരോന്ന് വീതവും മധ്യ ഇന്ത്യയില്‍ ഒന്നും വടക്ക് കിഴക്കായി ഒരു ശാഖയുമാണ് ഉണ്ടായിരിക്കുക. ന്യൂദല്ഹിയിലായിരിക്കും വനിതാ ബാങ്കിന്റെ ആസ്ഥാനം. ഒരു വര്‍ഷം കൊണ്ട് ശാഖകളുടെ എണ്ണം 25 ആയി വര്‍ധിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 300 ആയി ഉയര്‍ത്തും.
എന്തുതന്നെയായാലും ബാങ്കിനെ സംബന്ധിക്കുന്ന എല്ലാ അന്തിമ തീരുമാനങ്ങളും കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും എടുക്കുക. വനിതകള്‍ക്കായുള്ള ബാങ്ക് ആയതിനാല്‍ വനിതാ ഉപഭോക്താക്കള്‍ക്ക് യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങളും ഉണ്ടായിരിക്കില്ല. പൂര്‍ണമായും വാണിജ്യ ബാങ്കിന്റെ ധര്‍മമായിരിക്കും വനിതാ ബാങ്കിനും. കൂടാതം ആര്‍ബിഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരും. സാധാരണ ബാങ്കിംഗ് സൗകര്യങ്ങള്‍ക്ക് പുറമെ സംസ്ഥാന ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: