പോര്‍ട്ട്ലൂയിസ്: ഇന്ത്യയുടെ സ്വന്തം അല്‍ഫോന്‍സോ മാമ്പഴം മൗറീഷ്യസിലും ഉടന്‍ ലഭ്യമാകും. വിവിധ കാരണങ്ങളാല്‍ ഇന്ത്യയ്ക്ക് മൗറീഷ്യസിലേക്ക് മാമ്പഴം കയറ്റി അയയ്ക്കാന്‍ സാധിച്ചിരുന്നില്ല. പഴങ്ങളുടെ വ്യാപാരം സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഇന്ത്യയുടെ മൗറീഷ്യസും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത സമയത്ത് ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് അനുമതി നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശര്‍മയും മൗറീഷ്യസ് വാണിജ്യ മന്ത്രി സയ്യദ് അബ്ദ് അല്‍ കാദര്‍ സൈദ് ഹുസൈനുമായി ചര്‍ച്ച ചെയ്തിരുന്നു.
മൗറീഷ്യസില്‍ നിന്നും ശുചിത്വ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് ഈ രാജ്യത്തേയ്ക്ക് മാമ്പഴം കയറ്റി അയക്കാന്‍ സാധിക്കാതിരുന്നത്.
ഈ സാഹചര്യത്തില്‍ ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് ഉടന്‍ തന്നെ അധികൃതര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥന് പറയുന്നു.
ദ്വീപ് രാജ്യമായ മൗറീഷ്യസിലേക്ക് ബസ്മതി അരി കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആനന്ദ് ശര്‍മ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ മൗറീഷ്യസിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. മാംഗ്ലൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡും മൗറീഷ്യസിലെ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണിത്.
2007 ജൂലൈയിലാണ് മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഈ കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചത്. ഈ മാസം അവസാനം ഈ കരാര്‍ പുതുക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: