ന്യൂദല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന പഴം,പച്ചക്കറി വില കാരണം വലയുന്നത് മധ്യവര്‍ഗ്ഗ വിഭാഗവും താഴ്ന്ന വരുമാനക്കാരുമാണ്. ഇവരുടെ കുടുംബ ബജറ്റ് പാടെ തകിടം മറിയും. ഈ സാഹചര്യത്തില്‍ പ്രീ കുക്ഡ്, റെഡി ടു ഈറ്റ് ഭക്ഷ്യ വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിനോടാണ് ഇവര്‍ക്ക് താല്പര്യമെന്ന് അസോചത്തിന്റെ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മോശം മണ്‍സൂണ്‍ കാരണം പഴം, പച്ചക്കറി വിലയില്‍ കൃഷിയിടത്തില്‍ നിന്നും തീന്മേശവരെ എത്തുമ്പോള്‍ 300 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അസോചത്തിന്റെ(അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) സര്‍വെയില്‍ പറയുന്നു. 5,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.
ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, ഛണ്ഡീഗഡ്, ഡെറാഡൂണ്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് സര്‍വെ സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സാധാരണക്കാരന്റെ ശമ്പളത്തില്‍ 10-15 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ പച്ചക്കറി വിലയില്‍ 250-300 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് അസോചത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: