ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖല ഉള്‍പ്പടെ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കെതിരെ ആഭ്യന്തര മന്ത്രാലയവും രംഗത്ത്. ടെലികോം മേഖലയിലും വ്യോമയാന മേഖലയിലുമടക്കം വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആഭ്യന്തരം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. തീരുമാനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആഭ്യന്തരമന്തരമന്ത്രാലയം പറയുന്നു.
ടെലികോം, വ്യോമയാനം, പ്രതിരോധം, വാര്‍ത്താവിനിമയ വകുപ്പുകള്‍ക്കും തീരുമാനത്തോട് എതിര്‍പ്പുണ്ട്. യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായാണ് ചില്ലറ വില്‍പ്പന മേഖലയില്‍ ഉള്‍പ്പടെ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയുണ്ടായത്. അച്ചടി മാധ്യമം, ബാങ്കിങ്, പ്രതിരോധ മേഖല തുടങ്ങി എല്ലാ മേഖലകളിലും വിദേശനിക്ഷേപ പരിധി ഉയര്‍ത്താനായിരുന്നു മായാറാം കമ്മിറ്റിയുടെ ശുപാര്‍ശ. ശുപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി പരിഗണിക്കുകയും ചെയ്തിരുന്നു.
വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്കെതിരെ ആദ്യം രംഗത്ത് വന്നത് പ്രതിരോധമന്ത്രാലയമാണ്. നിലവില്‍ പ്രതിരോധമേഖലയില്‍ 26 ശതമാനമാണ് വിദേശനിക്ഷേപ പരിധി. ഇത് 49 ശതമാനമാക്കി ഉയര്‍ത്തുന്നത് സ്വീകാര്യമല്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.
വ്യോമയാന മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കുന്നതിനെ എതിര്‍ത്ത് വ്യോമയാന മന്ത്രാലയവും രംഗത്ത് വന്നു. പ്രതിരോധമന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഒപ്പം ആഭ്യന്തര മന്ത്രാലയവും കൂടി പരിധി ഉയര്‍ത്തുന്നതിനെതിരെ രംഗത്ത് വന്നതോടെ കേന്ദ്രസര്‍ക്കരിന് മായാറാം കമ്മിറ്റി ശുപാര്‍ശ പുനഃപരിശോധിക്കേണ്ടി വരും.
വിവിധ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള അരവിന്ദ് മായാറാം കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: