ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്പനയില് ഇടിവ്. ജൂണ്‍ മാസത്തില്‍ വില്പന 12.6 ശതമാനം ഇടിഞ്ഞ് 84,455 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 96,597 യൂണിറ്റായിരുന്നു.
ജൂണ്‍ മാസത്തില്‍ മാരുതിയുടെ ആഭ്യന്തര വില്പന 7.8 ശതമാനം ഇടിഞ്ഞ് 77,002 യൂണിറ്റിലെത്തി. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 83,531 യൂണിറ്റായിരുന്നുവെന്ന് മാരുതിയുടെ പ്രസ്താവനയില്‍ പറയുന്നു.
കയറ്റുമതി 43 ശതമാനം ഇടിഞ്ഞ് 7,453 യൂണിറ്റിലെത്തി. 13,066 യൂണിറ്റ് കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. മാരുതിയുടെ ചെറുകാര്‍ വിഭാഗത്തില്‍പ്പെടുന്ന എം800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പന 8.4 ശതമാനം ഇടിഞ്ഞ് 31,314 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം 34,198 യൂണിറ്റായിരുന്നു വില്പന.
എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പന 7.2 ശതമാനം ഇടിഞ്ഞ് 20,996 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഈ മോഡലുകളുടെ വില്പന 22,624 യൂണിറ്റായിരുന്നു.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നായ ഡിസയറിന്റെ വില്പന 8.7 ശതമാനം ഇടിഞ്ഞ് 12,548 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,741 യൂണിറ്റായിരുന്നു. എസ്എക്സ് 4ന്റെ വില്പന 23 ശതമാനം ഇടിഞ്ഞ് 314 യൂണിറ്റിലെത്തി.
ഒരു വര്‍ഷം മുമ്പിത് 408 യൂണിറ്റായിരുന്നു. ആഢംബര മോഡലായ കിസാഷിയുടെ ഒറ്റയൂണിറ്റ് പോലും വിറ്റഴിഞ്ഞില്ല. 2012 ജൂണില്‍ ആറ് യൂണിറ്റായിരുന്നു വില്പന.
യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 11.4 ശതമാനം ഇടിഞ്ഞ് 4,997 യൂണിറ്റിലെത്തി. വാനുകളുടെ വില്പന 1.2 ശതമാനം ഇടിഞ്ഞ് 6,833 യൂണിറ്റിലെത്തി. മൊത്തം യാത്രാക്കാര്‍ വില്പന 8.2 ശതമാനം ഇടിഞ്ഞ് 65,172 യൂണിറ്റിലെത്തി. തൊട്ടുമുന്‍ വര്‍ഷം ഇത് 70,977 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: