കോട്ടയം: ടൂറിസം മേഖലയുടെ വിജയം അളക്കേണ്ടത് സന്ദര്‍ശകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് ഗുണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഉത്തരവാദിത്ത ടൂറിസം മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട് കുമരകത്തു നടന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളാണ് കേരളത്തിലെ ടൂറിസം വകുപ്പിനു മുന്നില്‍ ഇത്തരമൊരു നിര്‍ദ്ദേശം വച്ചത്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച ലീഡ്സ് മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബ്ല് ടൂറിസം ഡയറക്ടറുമായ ഹാരോള്‍ഡ് ഗുഡ്വിന് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസത്തിലൂന്നിയുള്ള ടൂറിസം വികസനത്തിന് മികച്ച തുടക്കം നേടാനായതുകൊണ്ട് ഇനി സഞ്ചാരികളുടെ എണ്ണത്തിലുപരി അവരുടെ സന്ദര്‍ശനത്തിലൂടെ ലഭിക്കുന്ന ഗുണഫലത്തിന്റെയും സമൂഹത്തിനു കിട്ടുന്ന സാമ്പത്തികനേട്ടത്തിന്റെയും മൂല്യമാണ് പരിശോധിക്കേണ്ടതെന്ന് ഹാരോള്‍ഡ് ഗുഡ്വിന് പറഞ്ഞു.
സുസ്ഥിരവും ഉത്തരവാദിത്തപൂര്ണവുമായി ടൂറിസം വികസനത്തിനായി ഒട്ടേറെ നൂതന ആശയങ്ങള്‍ രാജ്യാന്തര സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു. പരിസ്ഥിതി വിദഗ്ദ്ധരും ടൂറിസവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള മേഖലകളില്‍ പ്രത്യേക വൈദഗ്ദ്ധ്യം നേടിയവരും ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ടൂറിസം വകുപ്പും ആര്‍ടി സ്കൂള്‍ അറ്റ് കിറ്റ്സും ചേര്‍ന്നാണ് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചത്.
ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉത്തരവാദിത്ത ടൂറിസത്തിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാകുമെന്ന് കിറ്റ്സിലെ റെസ്പോണ്സിബ്ല് ടൂറിസം ഇനിഷ്യേറ്റീവ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ബി.കെ.സരൂപ് റോയ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പാഠ്യവിഷയമാക്കേണ്ടതിന്റെ ആവശ്യകതയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനായി കിറ്റ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുമെന്ന് സരൂപ് റോയ് സമ്മേളനത്തില്‍ അറിയിച്ചു.
വായുവും വെള്ളവും മണ്ണും മലിനമാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ, സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ കൃത്രിമ വെളിച്ച വിന്യാസങ്ങളിലൂടെയും മറ്റും നടക്കുന്ന വെളിച്ച മലിനീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരേതര സംഘടനയായ തണലിന്റെ പ്രതിനിധി സി.ജയകുമാര്‍ പറഞ്ഞു.
ലഘു സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സമൂഹത്തെ സഹായിക്കാനാകും. എന്നാല്‍ ടൂറിസം രംഗത്തെ ഉല്പാദന, വിതരണ രംഗങ്ങളിലേക്കുള്പ്പെടെ കടന്നുവരുന്നവര്‍ക്ക് ലാഭകരമായ രീതിയില്‍ അത് നടപ്പാക്കാനുള്ള സാങ്കേതിസഹായം ലഭ്യമാക്കപ്പെടണം. പ്രാദേശിക തലത്തിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നിക്ഷേപം ഉറപ്പാക്കാവുന്നതാണെന്നും പൊതുജനാരോഗ്യ, സുരക്ഷ സംവിധാനങ്ങള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഉറപ്പാക്കിവേണം സുസ്ഥിര വികസനം സാധ്യമാക്കാനെന്നുമുള്ള നിര്ദ്ദേശങ്ങളുമുയര്ന്നു. ടൂറിസത്തിനുവേണ്ടി മറ്റു സംസ്കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതതു കേന്ദ്രങ്ങളുടെ തനിമ ഘട്ടം ഘട്ടമായി നഷ്ടപ്പെട്ടുപോകുന്ന സ്ഥിതിയുണ്ടെന്നും ഇത് നിയന്ത്രിച്ച് കേരളത്തനിമയെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അന്യവത്ക്കരണം മൂലം തദ്ദേശവാസികള്‍ക്ക് അവരുടെ സ്വതന്ത്രവും സാംസ്കാരികവുമായി വ്യക്തിത്വം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടെന്ന് സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളെപ്പറ്റിയുള്ള ചര്‍ച്ച നയിച്ച ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് വേണുഗോപാല്‍ പറഞ്ഞു. ടൂറിസം രംഗത്തേക്കു കടന്നുവരുന്നവര്‍ക്ക് സംരംഭങ്ങളെപ്പറ്റി കേള്‍ക്കാനും ഉപദേശം നല്കാനുമുതകുന്ന ‘മെന്റര്‍ഷിപ് ക്ലിനിക്’, പ്രകൃതിയുടെ തനിമ ആസ്വദിക്കാനുദ്ദേശിക്കുന്നവര്ക്കായി എവിടെയും സജ്ജീകരിക്കാനാകുന്ന ‘എക്കോ ക്യാമ്പ്’ തുടങ്ങിയവ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പാക്കപ്പെടേണ്ടതുണ്ടെന്ന് സിജിഎച്ച് എര്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഡൊമിനിക് പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ യു.വി.ജോസ് ,വിദേശ പ്രതിനിധികളായ ഡോ. അദമാ ബാ, കിറ്റ്സ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി.വിജയകുമാര്‍ തുടങ്ങിയവരും സമാപനചര്ച്ചകളില് സജീവമായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: