ഗുവാഹത്തി: റയില്‍ വേ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സമഗ്രമായ രീതിയില്‍ റീഫണ്ട് നിയമങ്ങള്‍ പുതുക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമാണ് കേന്ദ്ര റയില്‍ വേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ലളിതവത്കരണം, നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, വ്യാജമായിട്ടുള്ള റീഫണ്ട് ക്ലെയിമുകള്‍ കുറയ്ക്കുക എന്നിവയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
റയില്‍വേ പാസഞ്ചേഴ്സ് റൂള്‍സ്, 1998 കഴിഞ്ഞ 15 വര്‍ഷമായി യാതൊരു വിധത്തിലുമുള്ള ഭേദഗതിയും വരുത്തിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് സമ്പ്രദായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വന്നിട്ടും നിയമം പുതുക്കിയിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോന്റിയര്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസറായ എസ്.ഹജോങ്ങ് പറഞ്ഞു.
കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് അണ്റിസര്വ്ഡ് ടിക്കറ്റിങ് സിസ്റ്റം, ഇന്റര്‍നെറ്റ് മുഖേനയുള്ള ടിക്കറ്റ് റിസര്‍വേഷന്‍, ഇന്റഗ്രേറ്റഡ് ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയൊക്കെ നടപ്പാക്കിയിട്ടും റീഫണ്ട് നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ്ഡ് ടിക്കറ്റ്, അണ് റിസര്‍വ്ഡ് ടിക്കറ്റ്, മുന്‍കൂറായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍, വിവിധ എസി ക്ലാസ് ടിക്കറ്റുകള്‍, ഫാമിലി ടിക്കറ്റ്, ആര് എസി, ഇ-ടിക്കറ്റ്, തത്കാല്‍ ടിക്കറ്റ് മുതലായവയുടെ റീഫണ്ട് നിയമത്തിലായിരിക്കും പ്രധാനമായും മാറ്റം വരുത്തുക. പ്രകൃതി ദുരന്തമോ ബന്ദോ തുടങ്ങിയ കാരണങ്ങളാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ പറ്റാത്തവര്‍ക്ക് പുതിയ നിയമം അനുസരിച്ച് ഫീഫണ്ട് ക്ലെയിം ഉന്നയിക്കുന്നതിനുള്ള സമയ പരിധി നിലവിലുള്ള മൂന്ന് മാസത്തില്‍ നിന്നും 10 ദിവസമായാണ് കുറച്ചിരിക്കുന്നത്.
വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ക്ലെറിക്കല്‍ ചാര്‍ജ് ഇനത്തില്‍ 30 രൂപ കുറച്ചതിന് ശേഷമുള്ള തുകയായിരിക്കും മടക്കി നല്‍കുക. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിയമം അനുസരിച്ച് ട്രെയിന്‍ പുറപ്പെട്ട് രണ്ട് മണിക്കൂറിന് ശേഷം ഒരു തരത്തിലുമുള്ള റീഫണ്ടും അനുവദിക്കുകയില്ല. നിലവില്‍ മൂന്ന് മണിക്കൂറാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ടിക്കറ്റ് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്റ്റേഷന് മാസ്റ്റര്‍ പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്‍കുന്നതിന് സെക്കന്റ്, സ്ലീപ്പര്‍ ക്ലാസിന് 50 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 100 രൂപയുമാണ് ഈടാക്കുക. നിലവില്‍ ക്ലെറിക്കല്‍ ചാര്‍ജ് മാത്രം നല്കിയാല് മതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: