ചെന്നൈ: രാജ്യത്ത് പാചക വാതക ഉപയോഗം കുറയുന്നു. സബ്സിഡി അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന പാചക വാതക സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഇത്തരത്തില്‍ പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഇതാദ്യമായാണ്. തുടര്‍ച്ചയായ രണ്ട് മാസമാണ് ഉപയോഗത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ 0.7 ശതമാനവും മെയ് മാസത്തില്‍ 5.2 ശതമാനവും ഇടിവാണ് ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്നത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം 2012 സപ്തംബറില്‍ ആറായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീടിത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2013 ജനുവരിയില്‍ പരിധി ഒമ്പതായി ഉയര്‍ത്തി. സബ്സിഡി അടിസ്ഥാനത്തില്‍ കിട്ടുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ ചെന്നൈയിലെ വില 398 രൂപയും ദല്‍ഹിയില്‍ 410 രൂപയുമാണ്. ഉപഭോഗം ഈ ഒമ്പത് സിലിണ്ടറിനും മീതെയാണെങ്കില്‍ അധിക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കില്ല.
2013 ഏപ്രില്‍-മെയ് കാലയളവില്‍ രാജ്യത്ത് പാചക വാതകത്തിന്റെ ഉപഭോഗം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2.5 ദശലക്ഷം ടണ്ണില്‍ നിന്നും 2.4 ദശലക്ഷം ടണ്ണായി ഇടിഞ്ഞു. 3.3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ തയ്യാറാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം എല്‍ പി ജി ഉപഭോഗത്തില്‍ 4-6 ശതമാനം വളര്‍ച്ച നേടാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വളര്‍ച്ചയില്‍ മാന്ദ്യം ഉണ്ടാകുമെന്നാണ് പ്രാരംഭ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. 2012-13 ല്‍ എല്‍ പി ജി ഉപഭോഗം 1.8 ശതമാനം ഇടിയുന്നതിന് മുമ്പ് 10 ശതമാനത്തോളം വളര്‍ച്ചയാണ് നേടിയിരുന്നത്. എല്‍ പിജി സിലിണ്ടറുകള്‍ പാചകാവശ്യത്തിന് മാത്രം ഉപയോഗിക്കണം എന്ന കാര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ബോധവാന്മാരാണെന്ന് പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 2013 മെയ് മാസത്തില്‍ എല്ലാ പെട്രോളിയം ഉത്പന്നങ്ങളുടേയും ഉപഭോഗം കേവലം 1.7 ശതമാനമായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: