ന്യൂദല്‍ഹി: ടെലികോം, വ്യോമയാന മേഖലയില്‍ പൂര്‍ണ വിദേശ പങ്കാളിത്തത്തിന് മായാറാം പാനല്‍ ശുപാര്‍ശ. കൂടാതെ ബഹു ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ സാറ്റലൈറ്റ്, പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് തുടങ്ങി ഒട്ടനവധി മേഖലകളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തണമെന്നും മായാറാം പാനല്‍ ശുപാര്‍ശ ചെയ്യുന്നു.
കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനും രൂപയെ താങ്ങിനിര്‍ത്തുന്നതിനും ഇതാവശ്യമാണെന്നാണ് പാനലിന്റെ വിലയിരുത്തല്‍. ഈ ശുപാര്‍ശ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹമിത് വ്യവസായ നയ, പ്രോത്സാഹന വകുപ്പിന് കൈമാറുമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച കാര്യത്തില്‍ പ്രതികരിക്കാന്‍ ആദ്ദേഹം തയ്യാറായില്ല. വ്യവസായ നയ പ്രോത്സാഹന വകുപ്പ് മായാറാം കമ്മറ്റിയുടെ ശുപാര്‍ശ നടപ്പാക്കും.
ധനകാര്യ മന്ത്രി പി.ചിദംബരവും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയും ഈ പദ്ധതി റിപ്പോര്ട്ടിന്മേല് അന്തിമ തീരുമാനം എടുക്കുന്നതിന് ജൂലൈ ആദ്യ വാരത്തില്‍ കൂടിക്കാഴ്ച നടത്തും.
ധനകാര്യ മന്ത്രിയുടേയും വാണിജ്യ മന്ത്രിയുടേയും അനുമതി ലഭിച്ചാലുടന്‍ ഈ ശുപാര്‍ശകള്‍ ക്യാബിനറ്റ് മുമ്പാകെ സമര്‍പ്പിക്കും. വിദേശ പ്രത്യക്ഷ നിക്ഷേപത്തില്‍ കൂടുതല്‍ ഉദാരവത്കരണം നടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ചിദംബരം ഇതിനോടകം തന്നെ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: