ന്യൂദല്‍ഹി: മാരുതി സുസുക്കി എര്‍ട്ടിഗയുടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ്) വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. 7.30 ലക്ഷം രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില. ഇന്ധന വില കുതുച്ചുയരുന്ന പശ്ചാത്തലത്തില്‍ വാഹന വിപണിയില്‍ ഈ മോഡല്‍ തരംഗം സൃഷ്ടിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. എര്‍ട്ടിഗ ഗ്രീന്‍ എന്നാണ് ഈ വേരിയന്റിന് നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ അടിസ്ഥാന വേരിയന്റിന് 6.52 ലക്ഷവും ടോപ് എന്‍ഡ് വേരിയന്റിന് 7.30 ലക്ഷം രൂപയുമാണ് ദല്‍ഹി എക്സ് ഷോറൂം വില.
ഉപഭോക്താക്കളുടെ ഇന്നത്തെ ആവശ്യം കണ്ടറിഞ്ഞാണ് എര്‍ട്ടിഗ ഗ്രീന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി വൈസ് പ്രസിഡന്റ് മനോഹര്‍ ഭട്ട് പറഞ്ഞു. 2012 ഏപ്രിലിലാണ് ഏര്‍ട്ടിഗ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. 87,000 യൂണിറ്റ് വാഹനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. സിഎന്‍ജി ഓപ്ഷനോട് കൂടി മാരുതി പുറത്തിറക്കുന്ന ആറാമത്തെ വാഹനമാണ് എര്‍ട്ടിഗ ഗ്രീന്‍. വാഗണ്‍ ആര്, ഇക്കോ, എസ്എക്സ് 4, എസ്റ്റിലോ, ആള്‍ട്ടോ എന്നിവാണ് ഈ ഓപ്ഷനോട് കൂടിയ മറ്റ് മോഡലുകള്‍.
ദല്‍ഹി, ഗുജറാത്ത്, മുംബൈ, പൂനൈ, ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങള്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരിക്കും എര്‍ട്ടിഗ ഗ്രീന്‍ ലഭ്യമാവുക. സിഎന്‍ജി, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് എര്‍ട്ടിഗ നിലവില്‍ ലഭ്യമാകുന്നത്. സിഎന്‍ജി വേരിയന്റിന്റെ വരവോടെ വിപണിയില്‍ വില്പന കൂടുതല്‍ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി. മെയ് മാസത്തില്‍ കമ്പനിയുടെ വില്പന 14.4 ശതമാനം ഇടിഞ്ഞ് 84,677 യൂണിറ്റിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആഭ്യന്തര വില്പന 13 ശതമാനം ഇടിഞ്ഞ് 77,821 യൂണിറ്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: