ന്യൂദല്‍ഹി: വിവിധ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് യൂണിക്ക് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡ് നല്‍കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. അതേസമയം, പുതിയതായി ബാങ്കുമായി ബന്ധപ്പെടുന്നവര്‍ക്ക് യുസിഐസി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് യുസിഐസി നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് യുസിഐസി അനുവദിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നും ചില ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.
വിവിധ ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്ന അസൗകര്യങ്ങള്‍ പരിഗണിച്ച് നിലവിലുള്ള ഇടപാടുകാര്‍ക്ക് യുസിഐസി അനുവദിക്കാന്‍ അടുത്ത മാര്‍ച്ച് വരെ സമയം നീട്ടിനല്‍കുകയാണെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇടപാടുകാരനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഏറെ സഹായകമാകുന്നതാണ് ഐസിയുസി.
ഒരു വ്യക്തി തന്നെ പലപേരില്‍ പല ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതും ഇടപാട് നടത്തുന്നതും യുസിഐസി വഴി തടയാനാകും. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) എന്ന പദ്ധതിയിലൂടെ ബാങ്കുകളിലെയും മറ്റ് വിവിധ ധനസ്ഥാപനങ്ങളിലെയും അനധികൃതമായ ഇടപാടുകളും സാമ്പത്തികതട്ടിപ്പും തടയാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായാണ് ഇടപാടുകാരന്റെ പൂര്‍ണവിവരം എല്ലാവര്ക്കും ലഭ്യമാക്കുന്ന യുണീക്ക് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: