ന്യൂദല്‍ഹി: മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ് നേരിട്ടു. അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ചയാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഇക്കാലയളവില്‍ നേടിയത്. 4.8 ശതമാനമായിരുന്നു ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച. 2012-13 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.
സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി ഒട്ടനവധി പരിഷ്കരണ നടപടികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും അതെല്ലാം അപര്യാപ്തമാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായിരുന്നു. 2002-03 സാമ്പത്തിക വര്‍ഷം ആയിരുന്നു ഇന്ത്യന്‍ സാമ്പത്തിക രംഗം നാല് ശതമാനമെന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലെത്തിയത്.
2012-13 സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് പാദങ്ങളില്‍ യഥാക്രമം 5.4 ശതമാനം, 5.2 ശതമാനം, 4.7 ശതമാനം എന്നിങ്ങനെയായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2011-12 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു.
ജനുവരി-മാര്‍ച്ച് കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.6 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.1 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഖാനി മേഖലയുടെ വളര്‍ച്ച 3.1 ശതമാനമായി ചുരുങ്ങി. തൊട്ട് മുമ്പത്തെ സാമ്പത്തിക വര്‍ഷം 5.2 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. കാര്‍ഷിക മേഖലയുടെ ഉത്പാദനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.4 ശതമാനമായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനമായിരുന്നു.
2012-13 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു-1.9 ശതമാനം. 2011-12 സാമ്പത്തിക വര്‍ഷം 3.6 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖല നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദതതില് വൈദ്യുതി, ഗ്യാസ്, ജലസേചന മേഖലകളുടെ വളര്‍ച്ച 3.5 ശതമാനത്തില്‍ നിന്നും 2.8 ശതമാനമായി ഇടിഞ്ഞു. 2012-13 സാമ്പത്തിക വര്‍ഷം ഈ മേഖലകളുടെ മൊത്തം വളര്‍ച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു.
നിര്‍മാണ മേഖലയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ 4.4 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.1 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയിലെ വളര്‍ച്ച 4.3 ശതമാനവും തോട്ട് മുന്‍വര്‍ഷം 5.6 ശതമാനവുമായിരുന്നു. വ്യാപാരം, ഹോട്ടല്‍, ഗതാഗതം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചാ നിരക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ 6.2 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 6.4 ശതമാനത്തിലെത്തി. ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സേവന മേഖലകളുടെ വളര്‍ച്ചാ നിരക്ക് നാലാം പാദത്തില്‍ 11.3 ശതമാനത്തില്‍ നിന്നും 9.1 ശതമാനത്തില്‍ എത്തി. 2012-13 സാമ്പത്തിക വര്‍ഷം സേവന മേഖലയുടെ മൊത്തം വളര്‍ച്ചാ നിരക്ക് 8.6 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: