ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ബിസ്ക്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ മാനേജ്മെന്റ് തലത്തില്‍ വന്‍ അഴിച്ചുപണി. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വളര്‍ച്ച ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നേതൃതലത്തില്‍ മാറ്റം വരുത്തുന്നത്.
ഇതിന്റെ ഭാഗമായി നിലവിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ വരുണ്‍ ബെറിയെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നിയമിച്ചു.
ബ്രിട്ടാണിയയുടെ മാനേജിംഗ് ഡയറക്ടറായ വിനിത ബാലി കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രതിസന്ധി ഘട്ടത്തില്‍ കമ്പനിയെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വിനിത ബാലി കാഴ്ച വച്ചിട്ടുള്ളത്. ബ്രിട്ടാണിയ ന്യൂട്രീഷന്‍ ഫൗണ്ടേഷന്, പുതിയ ബിസിനസ് വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും.
27 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായാണ് ബെറി ബ്രിട്ടാണിയയില് എത്തുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പെപ്സികോ ഫുഡ്സ് ഇന്ത്യ എന്നീ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഉന്നത തലത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തമാക്കി ഉയര്‍ന്ന വളര്‍ച്ച നേടുന്നതിനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് ചെയര്മാന് നുസ്ലി വാഡിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: