ന്യൂദല്‍ഹി: കമ്മ്യൂണിക്കേഷന്‍ രംഗത്തെ വിപ്ലവം വളരെ വലിയ സംഭവം തന്നെയായിരുന്നു. ഫോണ്‍, പിന്നെ പേജര്‍, മൊബെയില്‍ ഫോണ്‍.. ഇപ്പോള്‍ മൊബെയില്‍ ഫോണുകളല്ല, സ്മാര്‍ട്ട് ഫോണുകളാണ് വമ്പന്മാര്. മൊബെയില്‍ ഫോണെന്നു പറയാറുപോലുമില്ല, എല്ലാവരും സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ഇന്ത്യക്കാരെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണക്കമ്പനികളെല്ലാം വിദേശികളുടേതാണ്. ജപ്പാനും ജര്‍മ്മനിയും ചൈനയും കൊറിയയും എല്ലാമെല്ലാം അവരവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നത് ഇന്ത്യയിലാണ്.
നോക്കിയ, സാംസങ്ങ്, കാര്‍ബണ്‍, മൈക്രോമാക്സ്, വീഡിയോകോണ്‍ തുടങ്ങിയ വമ്പന്മാര് കളിക്കുന്ന ഈ മേഖലയിലേക്ക് ജപ്പാന് കമ്പനിയായ പാനാസോണിക് ഇലക്ട്രോണിക്സിന് കടന്നു വരാന്‍ ശങ്കയൊന്നുമില്ലായിരുന്നോ. ഇല്ലായിരുന്നുവെന്നു വേണം കരുതാന്‍. രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്, ഒന്ന് ഇവിടത്തെ വിപണിയുടെ വലുപ്പം, രണ്ട് അവരുടെ പ്രോഡക്ടില്‍ അവര്‍ക്കുള്ള ആത്മ വിശ്വാസം. ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അവര്‍ നല്ലതു നല്കിയാല് അതു സ്വന്തമാക്കാന്‍ വില നോക്കാറില്ല. അതുകൊണ്ടുതന്നെ പാനാസോണിക്കിന് മറ്റൊന്നാലോചിക്കേണ്ടി വന്നില്ല.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പാനാസോണിക് അവതരിപ്പിച്ചത് പി 51 ഡിവൈസാണ്. കമ്പനിയുടെ എം.ഡി മനീഷ് ശര്‍മ്മ പറയുന്നു,” പാനാസോണിക്കിന് മികച്ച ഉല്‍പ്പന്നം അവതരിപ്പിച്ച് മാര്‍ക്കറ്റില്‍ മുന്നിലെത്താനാവുമെന്ന് നല്ല വിശ്വാസമുണ്ട്.” ശരിയാണ് ജപ്പാന്റെ ടെക്നോളജിയും ചൈനയിലെ നിര്‍മ്മാണ സംവിധാനവും ചേരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അതൊരു മികച്ച കാല്‍വെയ്പ്പായിരിക്കും. കാരണം സാങ്കേതിക വിദ്യയിലെ മികവും നിര്‍മ്മാണ രംഗത്തെ ചെലവു കുറവും കുറഞ്ഞ ചെലവില്‍ മികച്ച ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കും.
മറ്റു ഫോണ്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചുവെന്നത് ശരിയാണെങ്കിലും പാനാസോണിക് വൈകിയിട്ടില്ലെന്നാണ് മനീഷിന്റെ വാദം. കാരണം അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളിലേ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ പരമാവധി വിപണനം ആവുകയുള്ളു. അതിനകം പാനാസോണിക് വിപിണി പിടിക്കും. മാര്‍ക്കറ്റിലെ എട്ടു ശതമാനമാണ് പാനാസോണിക്കിന്റെ ആദ്യവര്‍ഷത്തെ ലക്ഷ്യം, എന്നാല്‍ 24 ശതമാനം വരെ വിപണി നേടാനാകുമെന്ന വിശ്വാസത്തിലാണ് കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: