ന്യൂദല്‍ഹി: മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 2.5 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയുടെ വ്യാവസായിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നിര്‍മാണ, ഊര്‍ജ മേഖലകളുടെ മികച്ച പ്രകടനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 2.8 ശതമാനമായിട്ടാണ് ചുരുങ്ങിയത്.
വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനത്തിലാണ് ഫാക്ടറി ഉത്പാദനം കണക്കാക്കുന്നത്. 2012-13 കാലയളവില്‍ ഫാക്ടറി ഉത്പാദന വളര്‍ച്ച കേവലം ഒരു ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.9 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തില്‍ നിന്നും 0.46 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.
വ്യാവസായിക ഉത്പാദന സൂചികയിലേക്ക് 75 ശതമാനം സംഭാവന ചെയ്യുന്നത് നിര്‍മാണ മേഖലയാണ്. മാര്‍ച്ചില്‍ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.2 ശതമാനമായിരുന്നു. 2012 ല്‍ ഇതേ കാലയളവില്‍ ഉത്പാദനത്തില്‍ 3.6 ശതമാനം ഇടിവാണ് നേരിട്ടത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രധാന മേഖലകളുടെ വളര്‍ച്ച 1.2 ശതമാനം താഴ്ന്നു.
2011-12 ല്‍ ഈ മേഖലകളുടെ വളര്‍ച്ച മൂന്ന് ശതമാനമായിരുന്നു. വൈദ്യുത മേഖലയിലെ വളര്‍ച്ച മാര്‍ച്ചില്‍ 2.7 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ മൂലധന സാമഗ്രികളുടെ വളര്‍ച്ച 6.9 ശതമാനമായിരുന്നു. 2012 മാര്‍ച്ചില്‍ മൂലധന സാമഗ്രികളുടെ ഉത്പാദനത്തില്‍ 20.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം മൂലധന സാമഗ്രികളുടെ ഉത്പാദനത്തില്‍ 6.3 ശതമാനം ഇടിവാണ് നേരിട്ടത്. മാര്‍ച്ചില്‍ ഖാനി മേഖലയുടെ ഉത്പാദനം 2.9 ശതമാനമായി ചുരുങ്ങി.
2012 മാര്‍ച്ചില്‍ ഉത്പാദനത്തില്‍ 1.1 ശതമാനം ഇടിവാണ് നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖാനി ഉത്പാദനത്തില്‍ 2.5 ശതമാനം ഇടിവാണുണ്ടായത്. വ്യാവസായിക ഉത്പാദനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച പലിശ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: