മുംബൈ: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാന സര്‍വീസ് അടുത്ത ആഴ്ച പുനരാരംഭിക്കും. എയര്‍ലൈന്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് നടത്തുന്നതിന് വ്യോമയാന നിയന്ത്രിതാവായ ഡിജിസിഎ പച്ചക്കൊടി വീശിയത്.
എയര്‍ ഇന്ത്യയ്ക്ക് ആറ് ബോയിംങ്ങ് 787 ഡ്രീംലൈനറുകളാണുള്ളത്. കഴിഞ്ഞ ജനുവരി 17 മുതലാണ് സര്‍വീസ് അവസാനിപ്പിച്ചത്. എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റിന്റെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഉപദേശം നല്‍കിയിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയതായും അടുത്ത ആഴ്ച മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് അറിയിച്ചു. അന്താരാഷ്ട്ര സര്‍വീസ് ഈ മാസം അവസാന ആഴ്ചയായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രീംലൈനര്‍ വിമാനത്തിന് അടിയ്ക്കടി ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ജപ്പാന് എയര്‍ലൈന്‍സ് 787 ല്‍ തീ കണ്ടതും ഇതേ മാസം തന്നെ ആള് നിപ്പോണ്‍ എയര്‍വേയ്സ് 787 ന്റെ ബാറ്ററിയില്‍ പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതിനെയും തുടര്‍ന്നാണ് ആഗോള തലത്തില്‍ 50 ഡ്രീംലൈനറിന്റേയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
കഴിഞ്ഞ മാസം പുതിയ ബാറ്ററി സിസ്റ്റം രൂപകല്പന ചെയ്യുന്നതിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ അധികൃതരും ഡ്രീംലൈനര്‍ നിര്‍മാതാക്കളായ ബോയിംങ്ങ് അധികൃതരും തമ്മില്‍ സംയുക്ത ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയത്. ജെറ്റിന്റെ ബാറ്ററി സിസ്റ്റത്തില്‍ വരുത്തിയ മാറ്റത്തിലും സാങ്കേതിക റിപ്പോര്‍ട്ടിലും തൃപ്തി തോന്നിയതിനെ തുടര്‍ന്നാണ് പറക്കുന്നതിന് അനുമതി നല്‍കിയതെന്ന് ഡിജിസിഎ മേധാവി അരുണ്‍ മിശ്ര പറഞ്ഞു. 2005 ലാണ് എയര്‍ ഇന്ത്യ 27 ഡ്രീം ലൈനറുകള്‍ വാങ്ങുന്നതിന് കോടികളുടെ കരാറിന് ധാരണയിലെത്തിയത്. കഴിഞ്ഞ സപ്തംബറിലാണ് ആദ്യ വിമാനം കിട്ടിയത്. ഇപ്പോള്‍ നിലവില്‍ ആറ് ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ശേഷിക്കുന്ന 21 എണ്ണം 2016 ഓടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: