ഗ്രേയ്റ്റര്‍ നോയിഡ: നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലെത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ 46-ാമത് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ത്യ എട്ട് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2012 മുതല്‍ 2017 വരെയാണ് പന്ത്രണ്ടാം പഞ്ചവത്സര കാലാവധി. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അധികമായി ഇന്ത്യ നേടിയ വളര്‍ച്ചാ നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് നടപടികള്‍ എടുക്കുമെന്നും മന്മോഹന് സിംഗ് അറിയിച്ചു. നിലവിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണം താഴ്ന്ന നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സാമ്പത്തിക ഏകീകരണം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.2 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 4.8 ശതമാനത്തില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളുമാണ് വളര്‍ച്ച നിലനിര്‍ത്തിയതെന്നും മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍ അനുസരിച്ച് വികസിത രാജ്യങ്ങള്‍ 2013 ല്‍ 1.2 ശതമാനം വളര്‍ച്ചയായിരിക്കും നേടുക. അതേ സമയം ഏഷ്യയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്ന പ്രക്രിയയില്‍ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് നിര്‍വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: