മുംബൈ: പ്രതീക്ഷിച്ച പോലെ ഇത്തവണയും റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല് ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ വര്‍ഷത്തെ ധനനയം ഇന്നലെയാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തോടെ റിപ്പോ നിരക്ക് 7.25 ശതമാനമാകും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് നല്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി കുറയും.
സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി നിരക്കുകള്‍ കുറയ്ക്കുമെന്ന് വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടാകുമെന്നും ആര്‍ബിഐയുടെ ധനവായ്പാ നയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു-5 ശതമാനം.
എന്നാല്‍ നിരക്കുകളില്‍ കുറവ് വരുത്തിയത് കൊണ്ടുമാത്രം വളര്‍ച്ച സാധ്യമാവില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറയുന്നു. ഭരണം മെച്ചപ്പെടുത്തുകയും പൊതു നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ചില്‍ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെങ്കിലും പണപ്പെരുപ്പം ഉയരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുബ്ബറാവു വ്യക്തമാക്കി. അതിനാല്‍ തന്നെ തുടര്‍ന്നും നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത കുറവാണ്.
എന്നാല്‍ ധന വായ്പാ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തിയിട്ടില്ല. സിആര്‍ആര്‍ നിരക്ക് കുറയ്ക്കേണ്ടത് ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ ആവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ബാങ്കുകള്‍ നിര്‍ബന്ധമായും ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ടതിനെയാണ് കരുതല്‍ ധനാനുപാതം എന്ന് പറയുന്നത്. ഇത് നാല് ശതമാനമായിത്തന്നെ നിലനിര്‍ത്തി.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. 2012 ഏപ്രില്‍ 17 നാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: