ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ് ബാങ്ക് മുഖ്യവായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാവസായിക മേഖല. മെയ് മൂന്നിന് നടക്കുന്ന വാര്‍ഷിക ധനവായ്പാ നയ അവലോകനത്തില്‍ നിരക്കുകളിള്‍ അര ശതമാനം കുറവ് വരുത്താനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു.
മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ആഗോള തലത്തില്‍ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി അഭിപ്രായപ്പെടുന്നു. 2012-13 സാമ്പത്തിക വര്‍ഷം പ്രധാന പലിശ നിരക്കുകളില്‍ ഒരു ശതമാനം കുറവ് കേന്ദ്രബാങ്ക് വരുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷവും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ട്.
ക്രൂഡ് ഓയിലിന്റേയും സ്വര്‍ണത്തിന്റേയും വിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് റിപ്പോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയേക്കുമെന്ന് വ്യവസായ സമിതിയായ ഫിക്കി അഭിപ്രായപ്പെടുന്നു. ആഗോള വിപണിയില്‍ എണ്ണയുടേയും സ്വര്‍ണത്തിന്റേയും വിലയിലുണ്ടായ ഇടിവ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നും ഫിക്കി പ്രസിഡന്റ് നൈന ലാല്‍ കിഡ്വായി പറയുന്നു.
ജനുവരിയില്‍ നടന്ന ധനാവലോകനത്തില് കരുതല്‍ ധനാനുപാത നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു. ആര്‍ബിഐയെ സംബന്ധിച്ച് റിപ്പോ നിരക്കില്‍ ഒരു ശതമാനം കുറവ് വരുത്തുകയെന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് അസോചവും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: