മുംബൈ: സ്വാഭാവികമായ മണ്‍സൂണ്‍ മഴ വളര്‍ച്ച ശക്തമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ജൂണ്‍-സെപ്തംബര്‍ കാലയളവില്‍ മഴ മികച്ച തോതില്‍ ലഭ്യമാവുകയാണെങ്കില്‍ വളര്‍ച്ച ശക്തമാകുമെന്നും ഗ്രാമീണ വരുമാനം ഉയരുമെന്നും ഭക്ഷ്യവിലയില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു.
ആഗോള തലത്തില്‍ എണ്ണ വിലയിലും സ്വര്‍ണ വിലയിലും കുറവുണ്ടായത് രാജ്യത്തിന് അല്പം ആശ്വാസമായിട്ടുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഈ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവ് തത്കാലത്തേക്കെങ്കിലും കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നത് നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
മൊത്ത വില അടിസ്ഥാനപ്പെടുത്തിയും ഉപഭോക്തൃ വില അടിസ്ഥാനപ്പെടുത്തിയുമുള്ള പണപ്പെരുപ്പ നിരക്ക് കുറയുമെന്നും മികച്ച കാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും ഏണസ്റ്റ് ആന്റ് യങ്ങ് മുഖ്യ നയ ഉപദേശകനായ ഡി.കെ.ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. സെപ്തംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 6.4 ശതമാനം വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അനുമാനം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വളര്‍ച്ച ശക്തമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകളില്‍ കുറവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍ 2014 ല്‍ ഇത് 6.2 ശതമാനമായിരിക്കുമെന്നും കണക്ക് കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: