കൊച്ചി : മര്‍ച്ചന്റ് നേവിയിലും വിദേശകപ്പലുകളിലും ക്രൂയിസ് കപ്പലുകളിലും ജോലി ചെയ്യുന്ന സീഫെയറര്മാര്ക്ക് അത്യാവശ്യമായി വേണ്ട കണ്ടിന്യൂവസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് (സി ഡി സി) നേടാന്‍ ഇനി എളുപ്പമാകും. സി ഡി സി പുറപ്പെടുവിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.
മര്‍ച്ചന്റ് നേവിയിലും വിദേശ കപ്പലുകളിലും ക്രൂയിസ് കപ്പലുകളിലും ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ സെയിലിങ് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സി ഡി സി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഈ തീരുമാനം അനുഗ്രഹമാകുമെന്ന് നാഷണല്‍ യൂണിയന് ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ (എന്‍ യു എസ് ഐ) ജനറല്‍ സെക്രട്ടറി അബ്ദുള്‍ഗാനി വൈ സെരാങ്ങ് വ്യക്തമാക്കി. ഈ മേഖലയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ട്രേഡ് യൂണിയനായ എന്‍ യു എസ് ഐ ഈയിടെ നടത്തിയ ചര്ച്ചകളെത്തുടര്ന്ന്ാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഗൗതം ചാറ്റര്‍ജി ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ഇതോടെ ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ സി ഡി സി നേടിയെടുക്കാന്‍ എളുപ്പമാകും. യാതൊരു ബുദ്ധിമുട്ടും കൂടാതെ അവര്‍ക്ക് സി ഡി സി സ്വന്തമാക്കാം. നിലവില്‍ ആയിരക്കണക്കിന് കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ സി ഡി സി കൈവശമില്ല. ലൈബീരിയ, പനാമ, ബഹാമസ് എന്നിവിടങ്ങളിലെ അധികൃതര്‍ നല്‍കിയിരിക്കുന്ന സി ഡി സിയുടെ അടിസ്ഥാനത്തിലാണ് അവര്‍ വിദേശ കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സി ഡി സി ഇല്ലാതെ കപ്പലില്‍ പോകുന്നവര്‍ക്ക് വിവിധ പോര്‍ട്ടുകളില്‍ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പോര്‍ട്ടുകളില്‍ നിരവധി ഇമിഗ്രേഷന്‍ പ്രശ്നങ്ങളെ നേരിടേണ്ടിവന്നിരുന്നു.
പുതിയ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ സീഫെയറര്മാര്ക്ക് വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും സെരാങ്ങ് ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കും ഇത് അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: