കൊച്ചി: കേരളത്തില്‍ വിവാഹ സീസണില്‍ സ്വര്‍ണത്തിനുണ്ടായ വില തകര്‍ച്ച സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വ്യാപാര കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. തുടര്‍ച്ചയായുള്ള വിലക്കുറവ് വാങ്ങലുകാര്‍ക്കിടയില്‍ കാത്തിരിപ്പിന് ഇടയാക്കുന്നുണ്ട്. സ്വര്‍ണ വിലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് സ്വര്‍ണ വായ്പ നല്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വായ്പാ നിരക്കുകളില്‍ വ്യതിയാനം വരുത്തുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഒപ്പം വില സ്ഥിരത കൈവരുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 2013 മെയ് 13 ലെ അക്ഷയ തൃതീയ നാളിലെ സ്വര്‍ണ വില്പനയിലും വ്യാപാര കേന്ദ്രങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനത്തോടൊപ്പം ആഗോള സ്വര്‍ണ വിപണിയിലെ വില തകര്‍ച്ചയും ആഭ്യന്തര സ്വര്‍ണ വിപണിയില്‍ ഇനിയും വില കുറയുവാനിടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറഞ്ഞതായാണ് കണക്ക്. 2013 ജനുവരി- ഏപ്രില്‍ കാലയളവില്‍ 25 ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ശക്തമായ നയ നടപടികള്‍ ആഗോള സ്വര്‍ണ വില 1100-1200 ഡോളര്‍ നിരക്കിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍.
ചരിത്ര തകര്‍ച്ചയാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്. പവന് 1000 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 2457 രൂപയും പവന് 19,800 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവും ഓഹരി വിപണിയുടെ മുന്നേറ്റവുമെല്ലാം സ്വര്‍ണവില കുറയുന്നതിന് സഹായകമായി. സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് സൂചന.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 1325-1350 ഡോളര്‍ നിരക്കിലാണ് വില്പന നടക്കുന്നത്. 2010 ല്‍ ഔണ്‍സിന് 1942 ഡോളര്‍ റെക്കോഡിട്ട സ്വര്‍ണം തുടര്‍ന്ന് വില കുറഞ്ഞ് മാസങ്ങളായി 1540-1600 ഡോളര്‍ നിരക്കില്‍ സ്ഥിരത കൈവന്നിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ തുടര്‍ന്ന് 2008 ഓഗസ്റ്റ് മുതലാണ് സ്വര്‍ണ വില മുന്നേറ്റം പ്രകടമാക്കി തുടങ്ങിയത്. ഡോളര്‍ നിരക്ക് തകര്‍ന്നതോടെ നിക്ഷേപ മേഖല സുരക്ഷിത നിക്ഷേപമായി സ്വര്‍ണ ശേഖരം നടത്തുകയും ചെയ്തു. തുടര്‍ന്ന് ചൈന, ഫ്രാന്‍സ്, ജപ്പാന്, കൊറിയ, യൂറോപ്യന്‍ യൂണിയന് ശക്തികളുടെ സാമ്പത്തിക പ്രതിസന്ധികള്‍ സ്വര്‍ണ വിപണിയില്‍ നിഴലിക്കുകയും ചെയ്തു.
അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തിപ്രാപിക്കുന്ന പ്രതിഫലനമാണ് സ്വര്‍ണ വിപണിയില്‍ നിന്നും നിക്ഷേപകരെ പിന്തിരിപ്പിച്ചു തുടങ്ങിയത്. അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ പ്രതിഫലനങ്ങളും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുവാനുള്ള നീക്കങ്ങളും നയതീരുമാനങ്ങളും ഡോളറിന് കരുത്തേകിയത് സ്വര്‍ണ നിക്ഷേപകരെ വിപണിയില്‍ വില്പന സമ്മര്‍ദ്ദത്തിലേക്കും പിന്മാറ്റത്തിനും ഇടയാക്കി. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം സ്വര്‍ണ വിപണിയില്‍ 300-350 ഡോളറിന്റെ തകര്‍ച്ചയാണുണ്ടായത്. ഒപ്പം യൂറോയുടെ മൂല്യത്തകര്‍ച്ചയും സൈപ്രസ് സ്വര്‍ണ ശേഖരം വിറ്റഴിക്കുന്നതും ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ ഇടയാക്കി. ഇന്ത്യ അടക്കമുള്ള വന്‍ രാജ്യങ്ങളില്‍ സ്വര്‍ണ വിപണിയിലുണ്ടാക്കിയ പ്രതിഫലനവും വില തകര്‍ച്ചയ്ക്ക് കാരണവുമായി.
ആഗോള വിപണിയുടെ ചുവടുപിടിച്ചുള്ള വില തകര്‍ച്ചയില്‍ സ്വര്‍ണ വില ചരിത്രത്തിലെ റെക്കോഡ് തകര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുംബൈ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് 32500 രൂപ റെക്കോഡിട്ടത് കഴിഞ്ഞ ദിവസം 24000 രൂപ വില നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനകം 46 പൈസയുടെ നേട്ടമാണുണ്ടായത്. ഇത് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. 2012 നവംബറില്‍ പവന് 24220 രൂപയാണ് റോക്കോഡ് വില. തുടര്‍ന്ന് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിരുന്നുവെങ്കിലും 22600-23100 രൂപ നിലവാരത്തില്‍ വില സ്ഥിരതയിലായിരുന്നു വിപണി. 2013 ജനുവരി ഒന്നിന് പവന് 22840 രൂപയായിരുന്ന സ്വര്‍ണ വില 2013 ഏപ്രില്‍ ഒന്നിന് 22340 രൂപയുമായിരുന്നു. 14 വിപണി പ്രവര്‍ത്തി ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ സ്വര്‍ണ വിലയില്‍ പവന് 2540 രൂപയാണ് തകര്‍ന്നത്. ഒപ്പം പവന് വില 20,000 രൂപയേക്കാള്‍ കുറയുകയും ചെയ്തു.
സ്വര്‍ണ വിലയ്ക്കൊപ്പം ക്രൂഡ് ഓയില്‍ വിലയിലും വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ബാരലിന് 88 ഡോളറായും ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ 98 ഡോളര്‍ നിരക്കിലുമെത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളറിനും താഴെയെത്തുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: