ന്യൂദല്‍ഹി: മാര്‍ച്ചില്‍ ആഭ്യന്തര കാര്‍ വില്പന ഇടിഞ്ഞു. 22.51 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,80,675 യൂണിറ്റ് വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. 2012 മാര്‍ച്ചില്‍ 2,33,151 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2012-13 സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം കാര്‍ വില്പനയില് 6.7 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വില്പനയില് ഇത്ര ഇടിവുണ്ടാകുന്നത്. 2011-12 സാമ്പത്തിക വര്‍ഷം 2.2 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായിരുന്നു ഇന്ത്യ.
മോട്ടോര്‍ സൈക്കിള്‍ വില്പനയില് മാര്‍ച്ച് മാസത്തില്‍ 8.32 ശതമാനം ഇടിവുണ്ടായതായും സിയാം റിപ്പോര്‍ട്ട് ചെയ്യുന്നു. 7,79,878 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളാണ് മാര്‍ച്ചില്‍ വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8,50,637 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മാര്‍ച്ചില്‍ മൊത്തം ഇരു ചക്ര വാഹന വില്പന 6.96 ശതമാനം ഇടിഞ്ഞ് 11,01,058 യൂണിറ്റിലെത്തി.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,83,425 യൂണിറ്റായിരുന്നു. മൊത്തം വാണിജ്യ വാഹനങ്ങളുടെ വില്പന 6.04 ശതമാനം ഇടിഞ്ഞ് 84,956 യൂണിറ്റിലെത്തി.
2012 ല്‍ ഇതേ കാലയളവില്‍ ഇത് 90,416 യൂണിറ്റായിരുന്നു. വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ വില്പന 7.76 ശതമാനം ഇടിഞ്ഞ് 14,86,522 യൂണിറ്റിലെത്തി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,11,525 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: