ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരാശാജനകമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. അതേസമയം സാമ്പത്തിക മാന്ദ്യം താത്കാലികമാണെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച അഞ്ച് ശതമാനമായി താഴ്ന്നത് നിരാശാജനകമാണെന്നും ഇത് എട്ട് ശതമാനമായി ഉയര്‍ത്തുന്നതിന് വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്മോഹന് സിംഗ് പറഞ്ഞു. എട്ട് ശതമാനം വളര്‍ച്ച നേടുകയെന്നത് കേന്ദ്രത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് മുമ്പ് ഇന്ത്യ ഒമ്പത് ശതമാനത്തില്‍ അധികം വളര്‍ച്ച നേടിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള ഘടകങ്ങളാണ് മാന്ദ്യത്തിന് കാരണം.
വേഗത്തിലുള്ള സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. ധനക്കമ്മി ഉയരുന്നത് അംഗീകരിക്കാനാവില്ല. ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതിന് സാധ്യമായതെല്ലാം ചെയ്യും. 2016-17 സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിലെത്തിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. കറന്റ് അക്കൗണ്ട് കമ്മി 2012-13 സാമ്പത്തിക വര്‍ഷത്തെ റെക്കോഡ് നിരക്കായ അഞ്ച് ശതമാനത്തില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം കുറച്ചുകൊണ്ടുവരുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്മോഹന് സിംഗ് വ്യക്തമാക്കി.
രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി, ഉന്നതതല ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍, കൂട്ടുകക്ഷി ഭരണത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതായും എന്നാല്‍ ഈ പ്രശ്നങ്ങള്‍ പെട്ടന്നുണ്ടായതല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
2012 ല്‍ രൂപീകരിച്ച നിക്ഷേപക മന്ത്രിസഭാ സമിതി വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിലൂടെ ബഹുദൂരം മുന്നോട്ട് പോകാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പെട്രോളിയം മേഖലയില്‍ 40 ഓയില്‍ ബ്ലോക്കുകളില്‍ പര്യവേഷണത്തിനായും ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷ പ്രശ്നങ്ങള്‍ കാരണം ഈ പദ്ധതി നടപ്പാക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിസിഐയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അഞ്ച് ബ്ലോക്കുകള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ 31 ബ്ലോക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്മോഹന് സിംഗ് പറഞ്ഞു.
മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലകളിലും വ്യോമയാന മേഖലകളിലും വിദേശ നിക്ഷേപം അനുവദിച്ചത് പ്രധാന നടപടകളില്‍ ഒന്നാണെന്നും ഈ മേഖലകളില്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുകയാണെന്നും മന്മോഹന് സിംഗ് പറഞ്ഞു. എഫ്ഡിഐ നയം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും വരും മാസങ്ങളില്‍ കൂടുതല്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഒട്ടനവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടി. മെഗാ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിക്കേണ്ടതുണ്ട്. 12 കല്‍ക്കരി ഖാനി പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: