മുംബൈ: കേന്ദ്രത്തിന് ഏപ്പോള്‍ വേണമെങ്കിലും വിശ്വസിച്ച് ആശ്രയിക്കാവുന്ന സ്ഥാപനം ഏതെന്ന് ചോദിച്ചാല്‍ അത് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളും കടപത്രങ്ങളും ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത് എല്‍ ഐ സിയാണെന്ന് കാണാന്‍ സാധിക്കും.
20 ശതമാനം കടപത്രങ്ങളും ഓഫര്‍ ഫോര്‍ സെയില്‍ മുഖേന വിറ്റഴിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഏകദേശം 40 ശതമാനം ഓഹരികളുമാണ് എല്‍ഐസി സ്വന്തമാക്കിയത്. ഏഴ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതില്‍ നാല് സ്ഥാപനങ്ങളുടെ ഓഹരികളാണ് എല്‍ഐസി വാങ്ങിയിരിക്കുന്നത്. ഇത്രയേറെ ഓഹരികള്‍ ഈ ഇന്ഷുറന് സ്ഥാപനം വാങ്ങിയില്ലായിരുന്നെങ്കില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വന്‍ പരാജയമാകുമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
പൊതുമേഖല സ്ഥാപനങ്ങളായ എന്‍ടിപിസി, ഓയില്‍ ഇന്ത്യ, എന്‍എംഡിസി തുടങ്ങിയവയുടെ ഓഹരികളില്‍ ഈ വര്‍ഷം ഇടിവ് നേരിട്ടിരുന്നു. ദിവസവും ഏകദേശം 450 കോടി രൂപ നേടുന്ന എല്‍ഐസി ഈ തുക ഓഹരികളിലുംകടപത്രങ്ങളിലും നിക്ഷേപിക്കുകയാണ് പതിവ്.
കടപത്രങ്ങള്‍ മുഖേന സര്‍ക്കാര്‍ 4.67 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. 1.10 ലക്ഷം കോടി രൂപയുടെ കടപത്രങ്ങളാണ് എല്‍ഐസി വാങ്ങിയിരിക്കുന്നത്. വിദേശസ്ഥാപന നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 16 ശതമാനം ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. 23,900 കോടി രൂപയാണ് ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രം നേടിയത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും ഉയര്‍ന്ന തുക സമാഹരിക്കുന്നത് ഇതാദ്യമായാണ്.
നാല്‍കോയില്‍ 236 കോടിയും ആര്‍സിഎഫില്‍ 142 കോടിയും ഹിന്ദുസ്ഥാന്‍ കോപ്പറില്‍ 608 കോടിയും എന്‍ടിപിസിയില്‍ 923 കോടിയും സെയിലില്‍ 1,069 കോടിയും എന്‍എംഡിസിയില്‍ 282 കോടി രൂപയുമാണ് എല്‍ഐസിയുടെ നിക്ഷേപം. ഓഹരി വിറ്റഴിക്കലിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച പൊതുമേഖല സ്ഥാപനം എന്‍ടിപിസിയാണ്-11500 കോടി രൂപ. എന്എംഡിസിയാണ് തൊട്ടുപിന്നില്‍-5,973 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: