മുംബൈ: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മേധാവിയായി ചിത്ര രാമകൃഷ്ണ ചുമതലയേറ്റു. രാജ്യത്തെ മുന്‍നിര സ്റ്റോക് എക്സ്ചേഞ്ചുകളിലൊന്നായ എന്‍എസ്ഇയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായാണ് ചിത്ര ചുമതലയേറ്റത്. 90 കളുടെ തുടക്കത്തിലാണ് ചിത്ര എന്‍എസ്ഇയുടെ നേതൃനിരയില്‍ എത്തുന്നത്. രവി നരേനിന്റെ പിന്‍ഗാമിയായിട്ടാണ് ചിത്ര എന്‍എസ്ഇയുടെ തലപ്പത്തെത്തുന്നത്. നോണ്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നരേന് തുടരും.
ആദ്യ ആറ് വര്‍ഷക്കാലം എന്‍എസ്ഇ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സേവനം അനുഷ്ഠിച്ച നരേന് പിന്നീടാണ് എംഡിയും സിഇഒയുമായി ചുമതലയേല്‍ക്കുന്നത്. ആര്.എച്ച് പാട്ടീലാണ് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ ആദ്യ മേധാവി.
2012 നവംബറിലാണ് ചിത്ര രാമകൃഷ്ണയെ എന്‍എസ്ഇയുടെ മേധാവിയായി തെരഞ്ഞെടുത്തത്. നിയമനം ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള വനിത ബിസിനസ് നേതാക്കളില്‍ പ്രമുഖയാണ് ചിത്ര. ലോകത്തെ പ്രമുഖ സ്റ്റോക് എക്സ്ചേഞ്ചുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വനിതകള്‍ തലപ്പത്തെത്തുന്നത് അപൂര്‍വമാണെന്ന് മനസ്സിലാകും. വേള്‍ഡ് ഫെഡറേഷന് ഓഫ് എക്സ്ചേഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള 57 സ്റ്റോക് എക്സ്ചേഞ്ചുകളില്‍ എട്ട് എണ്ണത്തില്‍ മാത്രമേ വനിത സിഇഒമാരുള്ളു. എന്‍എസ്ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്റ്റോക് എക്സ്ചേഞ്ചുകള്‍ വളരെ ചെറുതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: