കാസര്‍കോട്: ബിഎംഎസ് പ്രവര്ത്തകന് അണങ്കൂറ്‍ ജെപി നഗറിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തായലങ്ങാടി സ്വദേശി സിഎപി ഹൗസിലെ അബി എന്ന സൈനൂല് ആബിദ് (22) ആണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മംഗലാപുരം ബജ്പെ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. സംഭവം നടന്ന് ൪൦ ദിവസത്തിനുശേഷമാണ് കൃത്യത്തില്‍ പങ്കെടുത്ത സംഘത്തിലെ ഒരാളെ പിടികൂടാനായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കരുതല്‍ തടങ്കലിന് വാറണ്ടുള്ളയാളുമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്തുകൊടുത്ത അഞ്ച് പേര് നേരത്തെ അറസ്റ്റിലായിരുന്നു. ഗള്‍ഫില്‍ വെച്ചാണ് ജ്യോതിഷിനെ വധിക്കാന്‍ ഗൂഢാലോടന നടന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അബിയും ഗള്‍ഫിലുള്ള കൂട്ടുപ്രതിയും നാട്ടിലെത്തി മറ്റ് പ്രതികളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ൫ന് നുള്ളിപ്പാടിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലും ബൈക്കിലുമായി പിന്തുടര്ന്നു. നാലാംമൈല്‍ പള്ളിക്കുസമീപത്തുവെച്ച് ബൈക്കില്‍ കാര്‍ കൊണ്ടിടിച്ചിടുകയായിരുന്നു. രക്ഷപ്പെടാനായി പള്ളിയിലേക്ക് ഓടിയ ജ്യോതിഷിനെ പള്ളിമുറ്റത്തിട്ട് വെട്ടുകയായിരുന്നു. ജ്യോതിഷ് വധശ്രമക്കേസില്‍ ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വാന്‍ പ്രതിഷേധമുയരുമ്പോഴാണ് അപ്രതീക്ഷിതമായി സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്. വധശ്രമം സംബന്ധിച്ച് നേരത്തെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ വാദഗതികള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അക്രമത്തിന് വിദേശഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഗൂഢാലോചനയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് പൂര്‍ണമായും ശരിവെക്കുന്നതാണ് പിടിയിലായ ആബിദ് നല്കിയ മൊഴി. എന്നാല്‍ സാക്ഷികളെ പോലും ചോദ്യം ചെയ്യുന്നതില്‍ നിന്നും ജില്ലയിലെ ലീഗ് നേതൃത്വം പോലീസിനെ വിലക്കിയിരുന്നു. പാണാര്‍ക്കുളം പള്ളി ഇമാമിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ലീഗിണ്റ്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ചെങ്കള പഞ്ചായത്തില്‍ ലീഗ് ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അക്രമികള്‍ ഉപയോഗിച്ച കാര്‍ മാലിക്ദിനാര്‍ പള്ളി കോമ്പൗണ്ടില്‍ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ പ്രതികളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടും ലീഗിണ്റ്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോയില്ല. ജ്യോതിഷ് വധശ്രമക്കേസുള്‍പ്പെടെയുള്ള സംഭവത്തില്‍ ഹൈന്ദവസമൂഹത്തോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നാളെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ലയിലെ സമാധാനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: