മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഇറ്റാലിയന്‍ വമ്പന്‍ യുവന്റസിനും ഫ്രഞ്ച് ടീം പാരിസ് സെയ്ന്റ് ജര്‍മെയ്നും ജയം. യുവന്റസ് സ്കോട്ട്ലന്‍ഡില്‍ നിന്നുള്ള സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയപ്പോള്‍ പിഎസ്ജി സ്പാനിഷ് സംഘം വലന്‍സിയയെ മറികടന്നു (2-1).
സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ അലസാന്ദ്ര മാട്രി, ക്ലോഡിയോ മാര്ച്ചിസോ, മാര്‍ക്കു വുസിനിച്ച് എന്നിവര്‍ യുവന്റസിനുവേണ്ടി ലക്ഷ്യം കണ്ടു. എസെക്കിയേല്‍ ലാ വെസിയും ജാവിയര്‍ പാ സ്റ്റോറും വലന്‍സിയക്കെതിരേ പിഎസ്ജിക്കു ജയം നല്കി. അദില്‍ റാമി വലന്‍സിയയുടെ ആശ്വാസ സ്കോറര്‍.
ട്രിപ്പിള്‍ ഗോള്‍ വിജയമായിരുന്നെങ്കിലും സെല്‍റ്റിക്കിനെതിരെ യുവന്റസിന്റെ പ്രകടനം അത്ര ആധികാരികമായിരുന്നില്ല. ഗോള്‍ മുഖം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും പൊസഷനിലും സെല്‍റ്റിക് മികച്ചു നിന്നു. പക്ഷേ, ഭാവനശൂന്യവും ഊര്‍ജ രഹിതവുമായ നീക്കങ്ങളിലൂടെ അവര്‍ കളി എതിരാളിക്കു പതിച്ചുനല്‍കി. യുവന്റസാകട്ടെ കിട്ടിയ അവസരങ്ങള്‍ മുതലെടുത്തു വിജയം ഉറപ്പിച്ചു. മൂന്നാം മിനിറ്റില്‍ത്തന്നെ സെല്‍റ്റിക്കിന്റെ വലയില്‍ പന്തടിച്ചു കയറ്റിക്കൊണ്ടായിരുന്നു ഇറ്റാലിയന്‍സ് കളി തുടങ്ങിയത്.
സെല്‍റ്റിക്ക് പ്രതിരോധ ഭടന് എഫെ അംബ്രോസിന്റെ പിഴവ് മാട്രി മുതലെടുക്കുകയായിരുന്നു. സ്വന്തം ബോക്സിലേക്കു വന്ന പന്ത് അടിച്ചകറ്റുന്നതിനു പകരം ഗോളിക്ക് ഹെഡ് ചെയ്തു കൊടുക്കാനുള്ള അംബ്രോസിന്റെ ശ്രമം പിഴച്ചു. പന്ത് പിടിച്ചെടുത്ത മാട്രി വലയിലേക്കു നിറയൊഴിച്ചു. ഗോള്‍ വീണതോടെ സെല്‍റ്റിക് ഉണര്‍ന്നു. വിഖ്യാത ഗോളി ജിയാന്‍ലൂഗി ബഫണിനു പിന്നെ പിടിപ്പതു പണിയായി. വിക്റ്റര്‍ വയാനയുടെയും ക്രിസ് കമ്മന്‍സിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ ബഫണ് തട്ടിയകറ്റി. കമ്മന്‍സിന്റെ നല്ലൊരു വോളിയും പുറത്തേക്കുപോയി. മറുവശത്ത് യുവന്റസ് താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്നു. പരുക്കിന്റെ ആകുലതകളുള്ള സൂപ്പര്‍ താരം ആന്ദ്രെ പിര്‍ലോയ്ക്കു കളിമെനയാന്‍ കഴിഞ്ഞില്ല.
രണ്ടാംപകുതിയിലും സെല്‍റ്റിക്കിന്റെ നീക്കങ്ങളുടെ ഒഴുക്ക് നഷ്ടപ്പെട്ടില്ല. പക്ഷെ, യുവന്റസിന്റെ പ്രതിരോധം ഉറച്ചു നിന്നു. അം ബ്രോസിന്റെ ഒരു ഹെഡ്ഡര്‍ ബഫണ് കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ സെല്‍റ്റിക്കിന് നിരാശയുടെ മറ്റൊരു നിമിഷം. അതിന്റെ ആഴമേറ്റി 77-ാം മിനിറ്റില്‍ സ്കോട്ട് ബ്രൗ ണിനെ വെട്ടിച്ചുകയറി മാര്ച്ചിസോ ടീമിന്റെ ലീഡ് ഇരട്ടിപ്പിച്ചു (2-0).
ആറു മിനിറ്റുകള്‍ക്ക്ശേഷം വുസിനിച്ചിലൂടെ യുവന്റസ് വിജയവും ഉറപ്പിച്ചു (3-0).
വലന്സിയക്കുമേലുള്ള പിഎസ്ജിയുടെ ജയവും നിറംമങ്ങിയതുതന്നെ. ഒന്നാം പകുതിയില്‍ വല ന്സിയ പന്തില്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ ഗോള്‍ ലക്ഷ്യമിട്ടുള്ള ഷോട്ടുകളില്‍ പിഎസ്ജി മുന്നിട്ടു നിന്നെന്നു പറയാം. രണ്ടാം ഘട്ടത്തില്‍ പിഎസ്ജി കളിയില്‍ പിടിമുറുക്കി. അവസാന നിമിഷങ്ങളില്‍ സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ഫ്രഞ്ച് പടയുടെ ജത്തിന്റെ നിറംകെടുത്തി.
പത്താം മിനിറ്റില്‍ പാസ്റ്റോറുമൊത്തുള്ള അതിവേഗ നീക്കത്തിനോടുവല് ലാവെസി തൊടുത്ത ഷോട്ട് വലന്‍സിയ ഗോളി ഗൗട്ടിയയുടെ ഗ്ലൗസുകളെ ഭേദിച്ച് വലയില്‍ വിശ്രമിച്ചു (1-0). 43-ാം മിനിറ്റില്‍ പാസ്റ്റോറിന്റെ ഷോട്ടും ഗൗട്ടിയയെ അടിതെറ്റിക്കുമ്പോള് പിഎസ്ജി 2-0ത്തിനു മുന്നില്‍.
രണ്ടാം പകുതിയിലും പിഎസ്ജിക്കു നിരവധി അവസരങ്ങള്‍ ലഭിച്ചു.
ലാവെസിയും ഇബ്രാഹിമോവിച്ചും ഒന്നു രണ്ടു തവണ ഗോളിനടുത്തെത്തി. ഒടുവില്‍ 90-ാം മിനിറ്റില്‍ റാമി വലന്‍സിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: