കൊല്ലം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ കരുത്തരായ കര്‍ണാടക ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ദാമന്‍ ആന്‍ഡ് ദിയുവിനെ പരാജയപ്പെടുത്തി. ആദ്യദിവസം മലയാളിയായ പത്താം നമ്പര്‍ താരം എസ്. രാജേഷിന്റെ ഗോള്‍ വര്‍ഷത്തോടെയാണ് കര്‍ണാടക തുടക്കംകുറിച്ചത്. ഇന്നലത്തെ മത്സരത്തിലും ആദ്യഗോള്‍ രാജേഷിന്റേതായിരുന്നു. കളി തുടങ്ങി 24-ാം മിനിറ്റില്‍ കര്‍ണാടകക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍കിക്ക് മുതലാക്കി രാജേഷ് ഗോള്‍വല ചലിപ്പിച്ചു. തുടര്‍ന്ന് ഒന്നാം പകുതി അവസാനിക്കുന്നതുവരെ കര്‍ണാടകയുടെ ആധിപത്യമായിരുന്നു. തുടരെത്തുടരെയുള്ള അറ്റാക്കുകളില്‍ ദാമന്‍ ആന്‍ഡ് ദിയുവിന്റെ ഗോള്‍മുഖത്ത് തീപാറി. ഒന്നിനുപുറകെ ഒന്നായി ലഭിച്ച കോര്‍ണര്‍ കിക്കുകളും നേരിട്ടുള്ള അവസരവും രാജേഷ് പാഴാക്കി. ഇതിനിടെ 34-ാം മിനിറ്റില്‍ ദാമന്‍ ആന്‍ഡ് ദിയുവിന്റെ വീരേന്ദ്ര ആര്. ജാദവിന്റെ ഉഗ്രനൊരടി കര്‍ണാടക ഗോളി ഹര്പീത്സിംഗ് ഗോള്‍പോസ്റ്റിനു മുകളിലൂടെ കുത്തിയകറ്റി. ഒന്നാം പകുതിയിലെ ദാമന്റെ ആകെയുള്ള ആക്രമണമായിരുന്നു അത്. 39-ാം മിനിറ്റില്‍ കര്‍ണാടകയുടെ എട്ടാം നമ്പര്‍ താരം എം. ലോകേഷിന്റെ കോര്‍ണര്‍കിക്ക് വി. സ്റ്റാഫന് മനോഹരമായ ഗോളാക്കിമാറ്റി.
രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ അലസമായ കളി മുതലെടുത്ത് ദാമന്‍ ആന്‍ഡ് ദിയു ഉണര്‍ന്നു കളിച്ചതിനെ തുടര്‍ന്ന് കളി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ നാലാം നമ്പര്‍ താരം സച്ചിന്‍കുമാര്‍ ഡി. മംഗേല ആദ്യഗോള്‍ നേടി. തുടര്‍ന്നു പൊരുതി കളിക്കാന്‍ തുടങ്ങിയ ദാമന്‍ ആന്‍ഡ് ദിയുവിനെ തളയ്ക്കാന്‍ അലസത വെടിഞ്ഞു കര്‍ണാടകയും പോരാട്ടം തുടങ്ങി. രണ്ടാംപകുതിയുടെ 17-ാം മിനിറ്റിലും 36-ാം മിനിറ്റിലും കര്‍ണാടകയുടെ വി. സ്റ്റീഫന്‍ രണ്ട് ഗോളുകള്‍കൂടി നേടി. ഹാട്രിക്ക് മികവോടെയാണ് സ്റ്റീഫന്‍ കര്‍ണാടകയുടെ മിന്നുംതാരമായത്.
രണ്ടാമത്തെ മത്സരത്തില്‍ അരുണാചല്‍പ്രദേശും ഹിമാചല്പ്രദേശവും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: