കൊച്ചി: ഇന്ത്യ-പാലസ്തീന് അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടം നാളെ നടക്കും. കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 6നാണ് മത്സരം. ഇതിന് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ കഠിന പരിശീലനം നടത്തി. എട്ട് വര്‍ഷത്തിനുശേഷമാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ പോരാട്ടത്തിന് വേദിയാകുന്നത്.
ഇന്നലെ ഇരു ടീമുകളും സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടു. ഐലീഗിലെ അവസാനമത്സരങ്ങളിലേറ്റ പരിക്കുമൂലം പാലസ്തീനെതിരായ മത്സരം രണ്ടുപേര്‍ക്ക് നഷ്ടമായി. സ്ട്രൈക്കര്‍ ആന്റണി പെരേരയും ഗോളി കരണ്‍ജിത് സിംഗും. ഇരുവര്‍ക്കും പകരമായി ഡെമ്പോ ഗോവ താരങ്ങളായ ജോക്കിം അബരാഞ്ചസും സുബാശിഷ് റോയ് ചൗധരിയും ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പ്രയാഗ് യുണൈറ്റഡിന്റെ കണ്ണൂര്‍ക്കാരനായ സി.കെ. വിനീതാണ്. പാലസ്തീനെതിരെ കളിക്കാനിറങ്ങുകയാണെങ്കില്‍ വിനീതിന്റെ അരങ്ങേറ്റ മത്സരമാവും ഇത്.
ഇന്ത്യന്‍ നായകനും മികച്ച സ്ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്. കോച്ച് കൂവര്‍മാന്റെ നിരീക്ഷണത്തില്‍ നടത്തിയ പരിശീലനത്തില്‍ ഗോള്‍കീപ്പിങ് കോച്ച് മാര്‍ക്വിസ് പച്ചക്കോ, ടീം ഫിസിയോയും മലയാളിയുമായ ഡോ. ജിജി ജോര്‍ജ് എന്നിവരും കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുണ്ടായിരുന്നു.
നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 152-ാം സ്ഥാനത്തുള്ള പലസ്തീന് മുന്‍നിരതാരങ്ങളെ തന്നെയാണ് സൗഹൃദമല്‍സരത്തിനായി അണിനിരത്തുന്നത്. വിദേശബുകളില് കളിച്ചു പരിചയമുള്ള പാലസ്തീന് വംശജരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് പാലസ്തീന് ടീം നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തീവ്രപരിശീലനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: