മിലാന്: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ മരിയോ ബലോട്ടെല്ലിയുടെ ഇരട്ട ഗോളില്‍ എസി മിലാണ് സീരി എയില്‍ മികച്ച വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉദിനെസയാണ് മിലാന് പരാജയപ്പെടുത്തിയത്.
സാന്‍ സിരോയില്‍ നടന്ന പോരാട്ടത്തില്‍ ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഷാരവെയുടെ മികച്ചൊരു പാസില്‍ നിന്നായിരുന്നു ബലോട്ടെല്ലിയുടെ ആദ്യ ഗോള്‍. പാസ് സ്വീകരിച്ച ബലോട്ടെല്ലി സുന്ദരമായ ഹാഫ് വോളിയിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. ആദ്യപകുതിയില്‍ എസി മിലാന് 1-0ന് മുന്നിട്ടുനിന്നു.
ഇടവേളക്കുശേഷം മത്സരം പുനരാരംഭിച്ച് 10 മിനിറ്റിയപ്പോഴേക്കും ഉദിനിസെ സമനില പിടിച്ചു. പിന്സിലിന്റെ വകയായിരുന്നു ഉദിനിസെയുടെ ആശ്വാസ ഗോള്‍.
പിന്നീട് മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച അവസരത്തിലാണ് ബലോട്ടെല്ലി എസി മിലാന്റെ വിജയഗോള്‍ നേടിയത്. ഇഞ്ച്വറി സമയത്ത് ലഭിച്ച വിവാദമായൊരു പെനാല്‍റ്റിയില്‍ നിന്നാണ് ബലോട്ടെല്ലി മിലന്റെ വിജയ ഗോള്‍ നേടിയത്.
22 മില്ല്യന്‍ യൂറോ മുടക്കി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും മിലാനിലെത്തിച്ച ബലോട്ടെല്ലിയിലായിരുന്നു എല്ലാ കണ്ണുകളും. പുതിയ ടീമിന്റെ പ്രതീക്ഷ തെറ്റിക്കാതെ മരിയൊ രണ്ട് തവണ വല കുലുക്കിയപ്പോള്‍ വിജയം എസി മിലാന് സ്വന്തമാകുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ജുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചീവോയെ കീഴടക്കിയപ്പോള്‍ ഇന്റര്‍ മിലാന് പരാജയം രുചിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സിയന്നയാണ് ഇന്ററിനെ കീഴടക്കിയത്.
മറ്റൊരു പ്രധാന മത്സരത്തില്‍ ജിനോവ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലാസിയോയെ കീഴടക്കിയപ്പോള്‍ ഫിയോറന്റീന മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാര്‍മയെ കീഴടക്കി മികച്ച വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: