ന്യൂദല്‍ഹി: ആശ്വാസജയം തേടി ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരായ അവസാന അങ്കത്തിന് ഇറങ്ങുന്നു. മൂന്നു മത്സരങ്ങളിലെ അവസാന പോരാട്ടമാണ് ഇന്ന് ഉച്ചക്ക് 12 മുതല്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് അരങ്ങേറുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ഇന്ത്യക്ക് അഭിമാനം കാത്തുസൂക്ഷിക്കണമെങ്കില്‍ ഇന്നത്തെ പോരാട്ടത്തില്‍ വിജയിച്ചേ മതിയാവൂ. ഫിറോസ് ഷാ കോട്ലയില് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2005 ഏപ്രില്‍ 17നായിരുന്നു ആദ്യ മത്സരം. ഈ മത്സരത്തില്‍ 159 റണ്‍സിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ ഏറെ അലട്ടുന്ന പ്രശ്നം. ഓപ്പണര്‍മാരുടെ റോളില്‍ സെവാഗും ഗംഭീറും തുടര്‍ച്ചയായി പരാജയപ്പെടുന്നത് പിന്നാലെ വരുന്നവര്‍ക്ക് സമ്മര്‍ദ്ദമേറ്റുന്നു. ഇതൊഴിവാക്കാന്‍ ഇന്നത്തെ മത്സരത്തിലെങ്കിലും മികച്ച ഒരു തുടക്കമാണ് ഓപ്പണര്‍മാരില്‍ നിന്ന് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അതേസമയം ഓപ്പണര്‍മാരിലൊരാളെ ഇന്ന് പുറത്തിരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ അജിന്‍ക്യ രഹാനെയായിരിക്കും ഓപ്പണറുടെ റോളില്‍ ഇറങ്ങുക. ഓപ്പണര്‍മാര്‍ക്ക് പുറമെ വിരാട് കോഹ്ലി, യുവരാജ്സിംഗ്, സുരേഷ് റെയ്ന, അശ്വിന് തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ ദയനീയ പ്രകടനമാണ് നടത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി മാത്രമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിങ്ങ് നടത്തിയത്. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ധോണി രണ്ടാം പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെയും നിന്നിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാതായതോടെ ക്യാപ്റ്റന്റെ പ്രകടനം കൊണ്ട് ടീമിന് ഗുണം ലഭിക്കാതെയായി. ജുനൈദ് ഖാന്റെ മാരകമായ സ്വിങ് ബൗളിംഗും സയീദ് അജ്മലിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്കും മുന്നിലാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിച്ചത്.
ബാറ്റിങ്ങിനെ അപേക്ഷിച്ച് ബൗളിംഗില്‍ ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണുള്ളത്. പുതുമുഖ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചെങ്കിലും ദിന്‍ഡയും ഓഫ് സ്പിന്നര്‍ ആര്. അശ്വിനും തീര്‍ത്തും പരാജയപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.
മറുവശത്ത് പാക്കിസ്ഥാന് സുസജ്ജരാണ്. മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അവര്‍ക്ക് കരുത്ത് പകരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യയെ വട്ടംകറക്കി പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച നസീര്‍ ജംഷാദും മുഹമ്മദ് ഹഫീസും യൂനസ് ഖാനും മികച്ച ഫോമിലാണെന്നതും പാക്കിസ്ഥാന് മത്സരത്തില്‍ മുന്‍തൂക്കം നല്കുന്നു. ബൗളിംഗിലാണെങ്കില്‍ പാക്കിസ്ഥാനിലെ പേസ് ബൗളിംഗ് ഖാനി ഇനിയും വറ്റിയിട്ടില്ലെന്നാണ് ജുനൈദ് ഖാന്റെയും ഉമര്‍ ഗുല്ലിന്റെയും പ്രകടനം തെളിയിക്കുന്നത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ചീട്ടുകൊട്ടാരം കണത്തെ തകര്‍ത്തെറിഞ്ഞ ജുനൈദ് ഖാന് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. ഉജ്ജ്വലമായ രീതിയില്‍ പന്തെറിഞ്ഞ ജുനൈദ് ഖാനാണ് ടീം ഇന്ത്യയെ തകര്‍ക്കുന്നതില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിര്‍ണായക പങ്കുവഹിച്ചത്. ഒപ്പം സ്പിന്നറായ സയീദ് അജ്മലിന്റെ ഉജ്ജ്വല ബൗളിംഗും കൂടിയാവുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ സ്വന്തം വരുതിയിലെത്തിക്കണമെങ്കില് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. എന്തായാലും ഇന്നത്തെ പോരാട്ടത്തില്‍ കണക്കുകള്‍ തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിക്ക് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്. ദല്‍ഹിയിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമായിരിക്കുമെന്നതിനാല്‍ ടോസും നിര്‍ണായകഘടകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: