കാസര്‍കോട്: ട്രയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി സംഘര്‍ഷത്തിന് വഴിവെച്ചു. എറണാകുളത്തുനിന്നും ബോംബെയിലേക്കു പോവുകയായിരുന്ന തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്ന കുടുംബത്തിലെ പതിനാലുകാരി പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന സംഭവമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ട്രയിനിണ്റ്റെ പിന്നിലുള്ള ജനറല്‍ കോച്ചിലായിരുന്നു കുടുംബം യാത്രചെയ്തിരുന്ന ഈ കോച്ചില്‍ കയറിയ കാസര്‍കോട് സ്വദേശികളായ മൂന്നുപേരില്‍ ഒരു യുവാവാണ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്നു പറയുന്നു. ട്രയിന്‍ കണ്ണൂറ് റെയില്‍വെ സ്റ്റേഷന് വിട്ടതിനു ശേഷമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളും മറ്റ് യാത്രക്കാരും ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് ട്രയിനിനകത്ത് വാക്കേറ്റവും ബഹളവും കയ്യേറ്റവും ഉണ്ടായത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപ്പെട്ട് പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാസര്‍കോട് സ്വദേശികള്‍ പ്രശ്നം രൂക്ഷമാക്കാനാണ് ശ്രമിച്ചത്. അവര്‍ മൊബൈല്‍ ഫോണില്‍ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച് തങ്ങള്‍ ട്രയിനില്‍ മര്‍ദ്ദനത്തിനിരയായെന്ന് അറിയിക്കുകയായിരുന്നു. ഇതറിഞ്ഞവര്‍ സംഘടിതരായി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും, ട്രയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ തിരിയുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. റെയില്‍വെ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയവരെ റെയില്‍വെ പോലീസും ആര്‍പിഎഫും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിന് മാതാപിതാക്കള്‍ക്ക് പരാതിയുണ്ടോ എന്നറിയാന്‍ റെയില്‍വെ പോലീസ് അവരുടെ കൂടെ കങ്കനാടി റെയില്‍വെ സ്റ്റേഷന് വരെ യാത്ര ചെയ്തുവെങ്കിലും രേഖാമൂലം പരാതി നല്കാന് അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കാസര്‍കോട് റെയില്‍വെ പോലീസ് എസ് ഐ കെ സുകുമാരന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: