കാസര്‍കോട്: ബന്ധുക്കള്‍ക്ക് നേരെ കല്ലെറിഞ്ഞും അക്രമമഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും അപ്രഖ്യാപിത ഹര്‍ത്താലിന് കാസര്‍കോട്ട് മതതീവ്രവാദികളുടെ ആസൂത്രിത നീക്കം. ജില്ലയില്‍ ഡിസംബര്‍ ആറിന് ഹര്‍ത്താലും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കെയാണ് ഇന്നലെ രാത്രി തന്നെ ലീഗ് കോന്ദ്രങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. അരിക്കാടി, പെരടാല, ചളിയങ്കോട് എന്നിവിടങ്ങളിലായി രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും ഒരു സ്വകാര്യ ബസ്സിനും നേരെ കല്ലേറുണ്ടായി. വൈകിട്ട് ഏഴരയോടെയാണ് അനിഷ്ടസംഭവങ്ങള്‍ക്ക് തുടക്കമായത്. കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സിനുനേരെ ചളിയങ്കോട് നടന്ന കല്ലേറില്‍ ഡ്രൈവര്‍ കെ.അജയന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമ്പള പഞ്ചായത്തിലെ ആരിക്കാടിയില്‍ കാസര്‍കോട്- മംഗലാപുരം കെഎസ്ആര്‍ടിസി ബസിണ്റ്റെ മുന്‍ഭാഗം കല്ലേറില്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബദിയഡുക്ക പെരഡാലയില്‍ കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന് ബസ്സിനുനേരെയാണ് അക്രമമുണ്ടായത്. ബസ്സിണ്റ്റെ ഗ്ളാസ് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. അപ്രഖ്യാപിത ഹര്‍ത്താലിന് നടത്തരുതെന്നും ബസ്സുകള്‍ ട്രിപ്പ് മുടക്കരുതെന്നും ബദിയടുക്കയിലെ ബസ് ജീവനക്കാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊട്ടുപിറകെയാണ് സ്വകാര്യബസ്സിന് നേരെ കല്ലേറുണ്ടായത്. ഡിസംബര്‍ ആറിന് വര്‍ഷങ്ങളായി കാസര്‍കോട് അരങ്ങേറുന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ അപമാനമാണെന്ന് വിലയിരുത്തിയ സമാധാന സമിതി യോഗം കര്‍ശന നടപടിക്ക് പോലീസിന് പൂര്‍ണ അധികാരം നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുണ്ടാകുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമ സംവിധാനത്തെ വെല്ലിവിളിച്ചുകൊണ്ട് അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: