കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ പൊതു ടോയ്ലറ്റുകളുടെ ശോച്യാവസ്ഥ നഗരസഭയ്ക്ക് നാണക്കേടുണ്ടാക്കുന്നു. വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ മൂത്രപ്പുരകള്‍ നഗരത്തിലെത്തുന്ന നൂറു കണക്കിന് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചിട്ടും നഗരസഭാ അധികൃതര്‍ക്ക് കുലുക്കമില്ല. ടോയ്ലറ്റുകള് ഉപയോഗ യോഗ്യമാക്കണമെന്നും ശോച്യാവസ്ഥ പരിഹരിക്കണമെന്നും മാസങ്ങള്ക്കുമുന്പേ ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. കോട്ടച്ചേരി ബസ്സ്റ്റാണ്റ്റ്, പുതിയകോട്ട, മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ടോയ്ലറ്റ് സംവിധാനമുള്ളത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ നഗരസഭ കാണിക്കുന്ന അലംഭാവത്തിണ്റ്റെ നേര് സാക്ഷ്യമാണ് ഈ മൂന്ന് ടോയ്ലറ്റുകളുടെയും ദയനീയാവസ്ഥ. ഇതില്‍ കോട്ടച്ചേരി ബസ്സ്റ്റാണ്റ്റ് പരിസരത്തെ ടോയ്ലറ്റ് പണം കൊടുത്ത് ഉപയോഗിക്കുന്നതാണ്. ഇവിടെയും വൃത്തിയുടെ കാര്യം വ്യത്യസ്തമല്ല. ടോയ്ലറ്റിലെ ദുര്‍ഗന്ധം ബസ് കാത്തുനില്ക്കുന്നവര്ക്കുപോലും അസ്വസ്ഥതയുണ്ടാക്കുന്നു. ടാങ്കിലെ കേടുപാടുകള്‍ മൂലം കക്കൂസ് മാലിന്യം സമീപത്തെ റോഡിലേക്കൊഴുകിയതും രൂക്ഷമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ടോയ്ലറ്റ് അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നാണ് നഗരസഭ പറയുന്നത്. നിലവിലെ ടോയ്ലറ്റ് പൊളിച്ചുമാറ്റി പുതിയത് പണിയുകയാണ് വേണ്ടതെന്നും നഗരസഭാ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഇതെന്ന് നടക്കുമെന്നതിനുമാത്രം ഉത്തരമില്ല. നഗരസഭാ കാര്യാലയത്തിണ്റ്റെ മൂക്കിനു താഴെയാണ് പുതിയ കോട്ടയിലെ മൂത്രപ്പുര. ഒരിക്കലെങ്കിലും നഗരസഭാധികൃതര്‍ തന്നെ ഇതുപയോഗിക്കാതിരിക്കാനുള്ള സാധ്യത വിരളം. എന്നാല്‍ നഗരത്തിലെ ടോയ്ലറ്റുകളില് ഏറ്റവും വൃത്തിഹീനമായതും ഇതുതന്നെ. പല സമയങ്ങളിലും ടോയ്ലറ്റില് വെള്ളം പോലും ഉണ്ടാകാറില്ല. നഗരസഭാ കാര്യാലയത്തിനു പുറമെ സബ് ട്രഷറി, താലൂക്ക് ഓഫീസ് തുടങ്ങി നിരവധി ഗവണ്‍മെണ്റ്റ് സ്ഥാപനങ്ങളാണ് പുതിയകോട്ടയിലുള്ളത്. ദിവസേന നൂറുകണക്കിന് സാധാരണക്കാരാണ് വിവിധ ആവശ്യങ്ങളുമായി ഇവിടെയെത്തുന്നത്. സമീപത്തെ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും ഉപയോഗിക്കുന്നതും ഈ മൂത്രപ്പുര തന്നെ. മാര്‍ക്കറ്റിനുള്ളിലുള്ള മൂന്നാമത്തെ ടോയ്ലറ്റിണ്റ്റെ അവസ്ഥയും സമാനമാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നഗരത്തില്‍ വ്യാപിക്കുന്നതിണ്റ്റെ ആശങ്ക നിലനില്‍ക്കെയാണ് വൃത്തിഹീനമായ മൂത്രപ്പുരകളും ഭീഷണിയുയര്‍ത്തുന്നത്. ഉപയോഗ യോഗ്യമല്ല എന്നതില്‍ത്തന്നെ പലരും നഗരത്തിലെ മൂത്രപ്പുരകള്‍ കയ്യൊഴിയുന്നതും മറ്റൊരു ഭീഷണിയാവുകയാണ്. നഗരത്തിലെ മൂക്കിലും മൂലയിലും സമാന്തര ‘മൂത്രപ്പുരകള്‍’ ദുര്‍ഗന്ധം പരത്തുകയാണ്. പൊതു ടോയ്ലറ്റ് സംവിധാനം പരാജയപ്പെട്ടതോടുകൂടി നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളും ബില്‍ഡിംഗുകളുടെ പുറകുവശവുമെല്ലാം മൂത്രപ്പുരകളായി മാറുകയാണ്. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം തടയണമെന്നും കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുത്തില്ലെങ്കില്‍ ഉത്തരവിടേണ്ടി വരുമെന്നും ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഹൈക്കോടതി കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയെയും കര്‍ത്തവ്യത്തെയും ഓര്‍മ്മിപ്പിക്കുന്ന കോടതിയുടെ പരാമര്‍ശം എന്നതില്‍ കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ കേട്ടിട്ടില്ല. പൊതുജനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഓര്‍മ്മിച്ചാലും നടപടിയെടുക്കാത്ത അവസ്ഥയാണ് കാഞ്ഞങ്ങാട്ട്. ടോയ്ലറ്റുകള് വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ടെന്ന് നഗരസഭ പറയുന്നു. നഗരസഭയ്ക്കു കീഴിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസേന ടോയ്ലറ്റുകള് വൃത്തിയാക്കാറുണ്ടെന്നും ഉപയോഗിക്കുന്നവര്‍ക്കും ഇതിന് ഉത്തരവാദിത്വമുണ്ടെന്നും നഗരസഭ ഹെല്‍ത്ത് സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ പറഞ്ഞു. ഇ – ടോയ്ലറ്റ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പുതിയ കോട്ട, കോട്ടച്ചേരി എന്നിവിടങ്ങളിലായി മൂന്ന് ഇ – ടോയ്ലറ്റുകള് ഈ പ്രവൃത്തി വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ-ടോയ്ലറ്റ് സംവിധാനം നടപ്പില്‍ വരുന്നതോടുകൂടി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് കൗണ്‍സിലിണ്റ്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സുലൈഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: